12 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍
എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി ബിജെപി നേതാവ് രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.
എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയത് കാറിലെത്തിയ അഞ്ചംഗ സംഘം
advertisement
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ(K S Shan) ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു കാറിലെത്തിയ അക്രമി സംഘം ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.45ഓടെയാണ് ഷാന്‍ മരിച്ചത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.
ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് ഡൈനിങ് ഹാളില്‍ വെച്ച്
ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ഡൈനിങ് ഹാളിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ 6.45 ഓടെയായിരുന്നു കൊലപാതകം.
ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ എത്തിയത് ആംബുലന്‍സില്‍
ആലപ്പുഴയില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയത് ആംബുലന്‍സില്‍ എന്ന് സംശയം. എസ്ഡിപിഐ നിയന്ത്രണത്തിലെ ആംബുലന്‍സ് പരിശോധിക്കുന്നു.
11 പേര്‍ കസ്റ്റഡിയില്‍
ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പേര്‍ കസ്റ്റഡിയില്‍. ആറ് ബൈക്കുകളിലായി പന്ത്രണ്ടംഗ സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
ചേര്‍ത്തല ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം
2021ഫെബ്രുവരി 24നാണ് ആര്‍എസ്എസ് ഗഡനായക് നന്ദു കൃഷ്ണ എന്ന 22 കാരന്‍ ചേര്‍ത്തലയില്‍ കൊല്ലപ്പെടുന്നത്.
തലയ്ക്ക് കൊടുവാള്‍ കൊണ്ട് വെട്ടിയായിരുന്നു കൊലപ്പെടുത്തിയത്. നന്ദുകൃഷ്ണയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നന്ദുവിന്റെ സുഹൃത്ത് കെ.എസ്.നന്ദുവിന്റെ കൈ ആക്രമികള്‍ വെട്ടിമാറ്റിയിരുന്നു. എസ്ഡിപിഐ ആണ് പിന്നിലെന്നാണ് പൊലീസ് കേസ്.
നന്ദു വധക്കേസില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടങ്ങുന്ന 37പേരാണ് പൊലീസ് പിടിയിലായത്.
ആലപ്പുഴയില്‍ രണ്ടു ദിവസം നിരോധനാജ്ഞ
ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയില്‍ ഇന്നും നാളെയും(ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.