തനിക്ക് മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ലീഗ് അനുഭാവിയായ സ്വതന്ത്ര സ്ഥാനാർഥി കെ പി സബാഹ് പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമാണ് വേങ്ങര. എന്നാൽ, വിമതസ്വരമുയർത്തി ലീഗ് വിമതൻ രംഗത്ത് എത്തുകയും എസ് ഡി പി ഐ സ്ഥാനാർഥി പത്രിക പിൻവലിച്ച് ലീഗ് വിമതന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വേങ്ങരയിൽ മത്സരം കടുക്കും.
ഇഡിക്ക് എതിരെ നടക്കുന്ന ഗൂഢാലോചനയിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
advertisement
എന്നാൽ, സബാഹിന്റെ സ്ഥാനാർഥിത്വം എൽ ഡി എഫ് ക്യാമ്പിലും ഭീഷണി ഉയർത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിക്ക് ലഭിച്ചേക്കാവുന്ന ലീഗ് വിരുദ്ധ വോട്ടുകൾ സബാഹ് സ്ഥാനാർഥി ആകുന്നതോടെ നഷ്ടപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്.
വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎയായ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംസ്ഥാനത്ത് നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു.
സിപിഎമ്മിന്റെ വി.പി. സാനുവിനോട് മത്സരിച്ച് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം തികയും മുമ്പേയാണ് എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്.
എം.എല്‍.എ സ്ഥാനം രാജിവെച്ച് 2017ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറങ്ങിയപ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ രാഷ്ട്രീയചോദ്യമായി നില്‍ക്കുന്നതാണ് ഇപ്പോൾ കാണുന്നത് . 'ബി ജെ. പിക്കെതിരെ ദൈര്‍ഘ്യമേറിയ ഒരു പോരാട്ടത്തിനാണ് ഞാൻ ഡല്‍ഹിയിലേക്ക് പോകുന്നത്. ജയിച്ച് പോയ ഉടന്‍ അധികാരത്തിന്റെ പട്ടുമെത്തയില്‍ കിടക്കാനാകില്ലെന്ന് എനിക്കറിയാം. ബി ജെ പിക്കെതിരെ ഫൈറ്റിന് ഞാന്‍ തയ്യാറാണ്. ചെറുരാഷ്ട്രീയകക്ഷികളുമായി സംസാരിച്ച് ഒരു ബദല്‍ നീക്കം നടത്തും.' ഇതൊക്കെ ആയിരുന്നു അന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം.
ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. വേങ്ങര എം എല്‍ എ ആയിരിക്കെ നടത്തിയ ഈ നീക്കം പാര്‍ട്ടിക്കകത്തും പുറത്തും അമ്പരപ്പുണ്ടാക്കി. ഇതേ തുടർന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇപ്പോള്‍ വീണ്ടും നിയമസഭയില്‍ മത്സരിക്കുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് കൂടി നടക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കുഞ്ഞാലിക്കുട്ടി കാരണമാകുന്നുവെന്ന പഴിയും രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്നു.