കോൺഗ്രസിന് വേട്ടക്കാരന്‍റെ മനസാണെന്ന് പാർട്ടി വിടുന്ന തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സി രഘുനാഥ് പറഞ്ഞു. കണ്ണൂർ കോർപറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് താൻ പാർട്ടിയുടെ കണ്ണിലെ കരടായി മാറിയതെന്നും ഇദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെപിസിസിക്കും എഐസിസിക്കും നൽകിയതായും സി രഘുനാഥ് പറഞ്ഞു.
2021ൽ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച സി രഘുനാഥ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 50123 വോട്ടുകൾക്കാണ് പിണറായി വിജയൻ ജയിച്ചത്. പിണറായിക്ക് 59 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചപ്പോൾ സി രഘുനാഥിന് 28.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
advertisement
2016ൽ പിണറായി വിജയനെതിരെ മത്സരിച്ച് തോറ്റ മമ്പറം ദിവാകരനെ കോൺഗ്രസിൽനിന്ന് പിന്നീട് പുറത്താക്കുകയായിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചതിനെ തുടർന്നാണ് മമ്പറം ദിവാകരനെ പുറത്താക്കിയത്. അതിന് മുമ്പ് ബ്രണ്ണൻ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് മമ്പറം ദിവാകരൻ രംഗത്തെത്തിയിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവായിരുന്ന പി എസ് പ്രശാന്തും പിന്നീട് പാർട്ടി വിട്ടിരുന്നു. നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പ്രശാന്ത്, ഭക്ഷ്യമന്ത്രി ജി ആർ അനിലിനോടാണ് തോറ്റത്. തന്‍റെ തോൽവിക്ക് പിന്നിൽ ഡിസിസി അധ്യക്ഷൻ പാലോട് രവിയാണെന്ന് ആരോപിച്ചുകൊണ്ട് പ്രശാന്ത് പാർട്ടി വിടുകയായിരുന്നു. പിന്നീട് സിപിഎമ്മിൽ ചേരുകയായിരുന്നു. നിലവിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റാണ് പി എസ് പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന എ പി അനിൽകുമാറും കോൺഗ്രസിൽനിന്ന് രാജിവെച്ചിരുന്നു. അദ്ദേഹവും പിന്നീട് സിപിഎമ്മിൽ ചേർന്നു.