സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്ന റിപ്പോർട്ടാണ് എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ചത്. വീണയും ശശിധരൻ കർത്തയും ഒത്തുകളിച്ച് കമ്പനിയിൽ നിന്നും 2.78 കോടി രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ടിലുള്ളത്. പ്രതിമാസം 5 ലക്ഷം രൂപ വീണയ്ക്കും, 3 ലക്ഷം എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനും സിഎംആർഎൽ നൽകി. എന്നാൽ സിഎംആർഎല്ലിന് നൽകി എന്ന് പറയുന്ന സേവനങ്ങൾക്ക് ഒരു രേഖയും തെളിവുമില്ല. അതിനാൽ എക്സാലോജിക് കമ്പനി ഏതെങ്കിലും തരത്തിൽ ഐടി സേവനം നൽകിയതായി തെളിയിക്കാൻ കഴിയില്ലെന്നും എസ്എഫ്ഐഒ റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
സ്കൂളുകൾക്കുള്ള ഐടി സേവനമാണ് കമ്പനിയുടെ മുഖ്യ ഉൽപ്പന്നം എന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു. വീണയെ കേസിലെ 11-ാം പ്രതിയാക്കിയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ എസ്എഫ്ഐഒ അന്തിമ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൻമേൽ തുടർനടപടിക്ക് കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സിഎംആർഎല്ലിന്റെ ഹർജിയിൽ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എക്സാലോജിക് കമ്പനിയെ കുറിച്ചും റിപ്പോർട്ടിൽ വിശദമായി പരാമർശിക്കുന്നുണ്ട്. 2021-22 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ കമ്പനി 66 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തിയെന്നാണുള്ളത്. 2017-18, 2018-19 വർഷങ്ങളിൽ സ്ഥാപനത്തിന്റെ പ്രധാന വരുമാനവും സിഎംആർഎല്ലിൽ നിന്നുണ്ടായതാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്.