വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷേഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഡെനാലിയുടെ ക്യാമ്പ് 5ല്‍ കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്. ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. ഡെനാലിയിലേക്കുള്ള ഹസന്റെ രണ്ടാമത്തെ യാത്രയാണിത്. ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയർന്ന പർവതങ്ങൾ കീഴടക്കിയ മലയാളിയെന്ന നേട്ടത്തിനുടമ കൂടിയാണ് ഷേഖ്. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റ് സെക്ഷൻ ഓഫീസറായ ഷേഖ് അവധിയെടുത്താണ് പർവതാരോഹണത്തിന് സമയം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട പൂഴിക്കാട് സ്വദേശിയാണ്.
advertisement
ചെന്നൈയിലെ സുഹൃത്തിനൊപ്പമായിരുന്നു രണ്ടാമത്തെ ഡെനാലി യാത്ര. ഈ മാസം 4നാണ് വീട്ടിൽ നിന്നു പുറപ്പെട്ടത്. 5ന് ചെന്നൈയിലെത്തിയ ശേഷം ദുബായ് വഴി അമേരിക്കയിലേക്ക് പോവുകയായിരുന്നു. 10ന് അമേരിക്കയിൽ നിന്നു വിഡിയോ കോൾ വഴി സംസാരിച്ചിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. അന്നാണു ചിത്രങ്ങൾ അവസാനം പങ്കുവച്ചതും. പർവതാരോഹണം തുടങ്ങുകയാണെന്നും അറിയിച്ചിരുന്നു. സാധാരണ മുൻപുള്ള യാത്രകളിൽ ഇടവേളകളിൽ സാറ്റലൈറ്റ് കോൾ വഴി കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നതായിരുന്നു രീതി. ഇത്തവണ അമേരിക്കയിൽ നിന്നു വിളിച്ച ശേഷം പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് മാതാവ് ഷാഹിദ പറഞ്ഞു.
രാജ്യത്തിനാകെ അഭിമാനമായ ഷേഖിന്റെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗികമായി അമേരിക്കയുമായി ബന്ധപ്പെടുന്നതിനും തുടർ നടപടികൾക്കും നേരിട്ട് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഷേഖ് ഹസൻ ഖാനെ രക്ഷപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപി കേന്ദ്രമന്ത്രി ഡോ.ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.
