TRENDING:

തല്ലിയോടിക്കാനാവില്ല; സമരമുഖത്ത് ഇനിയും വരും: ഷാജില

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജി ആർ അനുരാജ്
advertisement

കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രതിഷേധ മാർച്ചിനിടെ അക്രമിക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകയുടെ രണ്ട് ചിത്രങ്ങൾ വൈറലായിരുന്നു. ആക്രമിക്കപ്പെട്ടിട്ടും സങ്കടത്തോടെ ജോലിയിൽ തുടരുന്ന ചിത്രമാണ് അതിൽ പ്രധാനം. പ്രതിഷേധക്കാരിൽ ഒരാൾ ആക്രോശത്തോടെ കൈചൂണ്ടി സംസാരിക്കുമ്പോഴും കൂസാതെ നടന്നു നീങ്ങുന്ന ചിത്രമാണ് രണ്ടാമത്തേത്. കൈരളി പീപ്പിൾ ചാനലിലെ കാമറ വുമൺ ഷാജില അലി ഫാത്തിമയാണ് സമൂഹ മാധ്യമങ്ങളിൽ മിന്നുംതാരമായി മാറിയത്. ആക്രമത്തിനും ഭീഷണിക്കും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും ഉറച്ച കാൽവെപ്പോടെ മുന്നോട്ടും പോകുമെന്നും തിരുവനന്തപുരം സ്വദേശിനിയായ ഷാജില ന്യൂസ്18നോട് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെക്കുറിച്ച് 34കാരിയായ ഷാജില സംസാരിക്കുന്നു...

advertisement

സെക്രട്ടേറിയറ്റിന് മുന്നിൽ സംഭവിച്ചത്...

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ പ്രതികരണം തേടിയാണ് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോയത്. എം.ടി രമേശിന്‍റെ ബൈറ്റ് എടുത്തു. അതിനുശേഷം അദ്ദേഹത്തിന്‍റെ പ്രസംഗവും കവർ ചെയ്തു. പതിനൊന്ന് മണിയോടെ മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ബിജെപിയുടെ പ്രതിഷേധ മാർച്ച് ഉണ്ടെന്ന് അറിഞ്ഞത്. അതിനുവേണ്ടി വെയ്റ്റ് ചെയ്തു. ഏകദേശം 12 മണി കഴിഞ്ഞപ്പോഴാണ് പ്രതിഷേധ മാർച്ച് അവിടെയെത്തിയത്. വളരെ അഗ്രസീവായാണ് മാർച്ച് അവിടേക്ക് എത്തിയത്. വരുന്ന വഴിയിൽ റോഡരികിലെ ഫ്ലെക്സും മറ്റും തകർത്തുകൊണ്ടാണ് മാർച്ച് കടന്നുവന്നത്. അശ്വതി ജ്വാലയും ബിജെപിയുടെ ചില കൌൺസിലർമാരുമാണ് മാർച്ചിന്‍റെ മുൻനിരയിൽ ഉണ്ടായിരുന്നത്. ന്യൂസ് 18 ഓബി വാനിലുണ്ടായിരുന്ന സന്തോഷ് രവി എന്ന ചേട്ടൻ മൊബൈലിൽ പ്രതിഷേധ മാർച്ച് ചിത്രീകരിച്ചതിന് അവര്‍ ഓടിച്ചിട്ട് തല്ലി. ഇത് ചിത്രീകരിക്കാനായി അവിടേക്ക് പോയപ്പോൾ സന്തോഷ് രവിയെ വിട്ട് ഞങ്ങളുടെ നേർക്ക് തിരിയുകയായിരുന്നു. വിഷ്വൽ എടുത്താൽ കാമറ അടിച്ചുപൊട്ടിക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ അവിടെനിന്ന് മാറി. ഈ സമയം അവിടെയുണ്ടായിരുന്ന മാതൃഭൂമിയിലെ ബിജു സൂര്യയെ അവർ ആക്രമിച്ചു. കൈപിടിച്ചു തിരിച്ചു കാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും ബിജു അത് നൽകിയില്ല. എന്നാൽ പിടിവലിക്കിടെ ക്യാമറയിലെ ലെൻസ് നശിപ്പിക്കപ്പെട്ടു. ഇതോടെ ആ കാമറ ഉപയോഗശൂന്യമായി. പിന്നീട് പ്രേം ജോഷിയെന്ന കാമറാമാനെ വിളിച്ചുവരുത്തിയാണ് മാതൃഭൂമി വിഷ്വൽ എടുക്കുന്നത്.

advertisement

സംഘർഷഭരിതം ഹർത്താൽ: 266 പേർ അറസ്റ്റിൽ, 334 പേർ കരുതൽ തടങ്കലിൽ, ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയുമായി പൊലീസ്

ഈ സമയം റോഡിന്‍റെ എതിർവശത്തുള്ള സ്റ്റാച്യൂ മെഡിക്കൽസ് ഭാഗത്താണ് ഞാൻ നിന്നത്. അപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ച് ഫ്ലെക്സുകൾ ഇവർ നശിപ്പിച്ചു. ഈ വിഷ്വൽ ഞാൻ എടുത്തു. അതുകൊണ്ട് അക്രമകാരികളിൽ നാലഞ്ച് പേർ എന്നെ വളയുകയും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആക്രോശിക്കുകയും ചെയ്തു. ഇത് എടുക്കരുതെന്നല്ലേടി പറഞ്ഞത്, എന്ന് പറഞ്ഞുകൊണ്ടായിരുന്നു തെറിയഭിഷേകം. നീ ഈ വിഷ്വൽ എടുക്കുകയോ, ഇത് ടി.വിയിൽ പോവുകയോ ചെയ്താൽ കൊന്നുകളയുമെന്നായിരുന്നു അവരുടെ ഭീഷണി. ഈ സമയം ഞാൻ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു നീങ്ങി. അപ്പോഴാണ് അക്രമികളിൽ ഒരാൾ എന്‍റെ നേരെ കൈചൂണ്ടി സംസാരിക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതേസമയം തന്നെ പ്രതിഷേധക്കാർ ഏഷ്യാനെറ്റ് ന്യൂസിലെ പ്രകുലയെ ആക്രമിച്ചു. പ്രകുലയെ അടിക്കുന്ന ചിത്രം പകർത്തിയ ഡെക്കാൻ ക്രോണിക്കിളിലെ മുതിർന്ന കാമറാമാനായ പീതാംബരൻ പയ്യേരിയെ ക്രൂരമായി ആക്രമിച്ചു. 10-12 പേർ വളഞ്ഞിട്ട് ആക്രമിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ നട്ടെല്ലിന് ഉൾപ്പടെ സാരമായ പരിക്കുണ്ട്.

advertisement

പീതാംബരൻ പയ്യേരിയെ മർദ്ദിച്ച വിഷ്വലെടുത്ത മീഡിയ വണ്ണിലെ രാജേഷിനെയും ടെക്നിക്കൽ സ്റ്റാഫുകളായ അജേഷിനെയും സുമേഷിനെയും അക്രമികൾ മർദ്ദിച്ചു. ഈ വിഷ്വൽ എടുത്തുകൊണ്ടിരുന്നപ്പോൾ ഒരുത്തൻ എന്‍റെ പിന്നിലൂടെ വന്ന് കാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. കാമറയുടെ ഹാൻഡിലിൽ കറക്കി എന്നെ പിടിച്ചുതള്ളി. പിങ്ക് ഷർട്ട് ധരിച്ച അവന്‍റെ മുഖം ശരിക്കും കാണാനായില്ല ഈ സമയം പെട്ടെന്ന് വെട്ടിച്ചതിനാൽ കഴുത്ത് നന്നായി ഉളുക്കി. ഇപ്പോൾ കഴുത്ത് തിരിക്കാനാകാത്ത അവസ്ഥയിലാണ്. ഓരോ മാധ്യമപ്രവർത്തകരെയും 7-8 പേർ വളഞ്ഞാണ് ആക്രമിച്ചത്. തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ തിരിച്ച് പ്രതികരിക്കാനാകാത്തതിൽ സങ്കടവും ദേഷ്യവും വന്നു. അതുകൊണ്ടാണ് കണ്ണ് നിറഞ്ഞത്. ആ സമയം കാമറ ഓഫായി പോയി. പിന്നീട് ബാറ്ററിയിട്ടശേഷമാണ് അത് ഓണാക്കിയത്. ഈ സമയത്തെ വിഷ്വലുകളൊന്നും എടുക്കാനായില്ല. അതാണ് എനിക്ക് വിഷമമായത്. കണ്ണ് നിറഞ്ഞപ്പോൾ ആരും കാണാതിരിക്കാൻ കാമറയിലേക്ക് കണ്ണ് ചേർത്തുവെക്കുകയാണ് ചെയ്തത്. അപ്പോൾ മാതൃഭൂമിയിലെ ഫോട്ടോഗ്രാഫർ ഉണ്ണികൃഷ്ണൻ അത് പകർത്തുകയായിരുന്നു. ആ ചിത്രമാണ് വൈറലായി മാറിയത്.

advertisement

ഈ ചിത്രം പത്രത്തിൽ വന്നതോടെ ഫേസ്ബുക്കിൽ ഉൾപ്പടെ വൈറലായി. കഴുത്ത് വയ്യാത്തതിനാൽ എഫ്.ബിയിലൊന്നും കയറിയില്ല. രാവിലെ മുതൽ നിരവധി ഫോൺ കോളുകളാണ് എനിക്ക് ലഭിച്ചത്. നിരവധി ഓൺലൈൻ മാധ്യമ പ്രവർത്തകർ വിളിച്ചിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളുമൊക്കെ വിളിച്ചു. എനിക്ക് ഒരു പരിചയവുമില്ലാത്ത കുറേപ്പേർ വിളിച്ച് പിന്തുണ വാഗ്ദ്ധാനം ചെയ്തു. മന്ത്രിമാരും രാഷ്ട്രീയപ്രവർത്തകരുമൊക്കെ വിളിച്ചു. ബിജെപിയിലെ തന്നെ നിരവധി നേതാക്കൾ വിളിച്ചു. ഏറ്റവും സീനിയറായ ഒരു ബിജെപി നേതാവ് വിളിച്ചിട്ട് പറഞ്ഞത്, നിങ്ങൾ പണ്ട് കൊടുത്ത ചില വാർത്തകളുടെ ദേഷ്യം ഉള്ളിൽക്കിടന്നിട്ട് സാധാരണ പ്രവർത്തകർ റിയാക്ട് ചെയ്തു പോയതാണെന്നായിരുന്നു.

കടപ്പാട്- എം.പി ഉണ്ണികൃഷ്ണൻ, മാതൃഭൂമി

സമരമുഖത്ത് കാമറയുമായി ഇനിയും വരും...

ഇന്ന് ഓഫാണ്. നാളെ ജോലിയിൽ തിരികെ പ്രവേശിക്കും. അപ്പോൾ ഇതേ ആളുകളുടെ മാർച്ച് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞാൽ പോകും. ഇനിയും ഇങ്ങനെയൊക്കെ സംഭവിച്ചാലും ഈ ജോലി ഉപേക്ഷിക്കില്ല. ശക്തമായി ഈ രംഗത്ത് തുടരും. ഇതിനേക്കാൾ വലിയ സമരങ്ങളും പ്രതിഷേധങ്ങളും ഞാൻ ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരത്തെ പ്രധാന പരിപാടികൾക്കെല്ലാം ഞാൻ പോകാറുണ്ട്. മുമ്പ് ഇതിനേക്കാൾ വലിയ അക്രമസമരങ്ങളിലൊക്കെ, മാധ്യമപ്രവർത്തകരെ സേഫ് സോണിൽ നിർത്താൻ പ്രതിഷേധക്കാർ തന്നെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം സംഭവിച്ചത് വളരെ ആസൂത്രിതമായിട്ടുള്ള കാര്യങ്ങളായിരുന്നു. ഒരു വിഷ്വൽ പോലും പുറത്ത് പോകരുതെന്ന് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു. വിഷ്വൽ എടുത്ത എല്ലാവരെയും ഇവർ ആക്രമിച്ചു. കാമറകളെല്ലാം തകർക്കപ്പെടുകയും ചെയ്തു. ഈ കാമറകളൊക്കെ ഇനി സർവീസ് ചെയ്തു മാത്രമേ ഉപയോഗിക്കാനാകൂ. എന്‍റെ മൈക്ക് അവർ തറയിലെറിഞ്ഞ് നശിപ്പിച്ചു. അത് ഇനി ഉപയോഗിക്കാനാകില്ല.

വിധി നടപ്പാക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ തന്ത്രി സ്ഥാനമൊഴിയണം: മുഖ്യമന്ത്രി

ഉറച്ച പിന്തുണയുമായി സ്ഥാപനവും വീട്ടുകാരും

സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് ഷാജില പറയുന്നു. 'ഇന്നലെ തന്നെ എനിക്ക് സംഭവിച്ച കാര്യങ്ങൾ ലൈവിൽ വിവരിക്കാനുള്ള അവസരം ലഭിച്ചു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ഒപ്പം നിന്നിട്ടുള്ള കൈരളി, ഈ പ്രശ്നത്തിലും എനിക്കൊപ്പമുണ്ട്'. വീട്ടുകാരും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടെന്ന് ഷാജില പറയുന്നു. ഉമ്മയും രണ്ട് സഹോദരിമാരുമാണ് ഷാജിലയ്ക്ക് ഉള്ളത്. ഉപ്പ കഴിഞ്ഞ വർഷം മരിച്ചതോടെ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലകൾ കൂടി ഷാജിലയ്ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ കരുത്തോടെ ഈ രംഗത്ത് ഇനിയും താൻ ഉണ്ടാകും. സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ കണ്ട് വീട്ടുകാർ ഭയപ്പെട്ടെങ്കിലും അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും ആശങ്കകൾ മാറിയെന്നും ഷാജില പറഞ്ഞു.

ഇഷ്ടമില്ലാതെ കാമറാവുമണായത്, ഇപ്പോൾ ഒരുപാട് ഇഷ്ടമുള്ള ജോലി...

കൈരളിയിൽ ഡിടിപി ഓപ്പറേറ്ററായിരുന്നു ഷാജില. എന്നാൽ ആ തസ്തിക നിർത്തലാക്കിയതോടെ മറ്റൊരു വിഭാഗത്തിലേക്ക് മാറാൻ സ്ഥാപനം ആവശ്യപ്പെട്ടു. എം.ഡിയുടെ നിർദേശപ്രകാരമാണ് കാമറയിലേക്ക് മാറിയത്. ആദ്യം ഒരാഴ്ച ബ്യൂറോയിലെ കാമറമാൻമാർ പരിശീലനം നൽകി. വൈകാതെ ഇത് തനിക്ക് നന്നായി വഴങ്ങുമെന്ന് മനസിലായി. ആദ്യമൊക്കെ താൽപര്യമില്ലായിരുന്നെങ്കിലും പിന്നീട് ഇത് വല്ലാതെ ഇഷ്ടപ്പെട്ടുപോയി. കഴിഞ്ഞ നാലഞ്ച് വർഷമായി കാമറാവുമണായി തിരുവനന്തപുരത്ത് ഉണ്ട്. നിയമസഭാ സമ്മേളനങ്ങൾ നാലുവർഷമായി റിപ്പോർട്ട് ചെയ്യുന്നുവെന്നും ഷാജില പറഞ്ഞു. 'ഈ രംഗത്ത് അധികം സ്ത്രീകളില്ല. ഇതാണ് എന്‍റെ പ്രൊഫഷൻ. ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി. ഇതിൽ തുടരും. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ പേടിച്ച് പിൻമാറില്ല. കൂടുതൽ കരുത്തോടെ തന്നെ മുന്നോട്ടുപോകും. സ്ഥാപനം ആവശ്യപ്പെട്ടാൽ അടുത്തദിവസം തന്നെ പ്രതിഷേധ സമരങ്ങൾ കവർ ചെയ്യാൻ പോകും'- ഷാജില പറഞ്ഞുനിർത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തല്ലിയോടിക്കാനാവില്ല; സമരമുഖത്ത് ഇനിയും വരും: ഷാജില