• HOME
 • »
 • NEWS
 • »
 • kerala
 • »
 • സംഘർഷഭരിതം ഹർത്താൽ: 266 പേർ അറസ്റ്റിൽ, 334 പേർ കരുതൽ തടങ്കലിൽ, ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയുമായി പൊലീസ്

സംഘർഷഭരിതം ഹർത്താൽ: 266 പേർ അറസ്റ്റിൽ, 334 പേർ കരുതൽ തടങ്കലിൽ, ഓപ്പറേഷൻ ബ്രോക്കൺ വിൻഡോയുമായി പൊലീസ്

 • Share this:
  തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് അയ്യപ്പ കർമസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ സംഘർഷഭരിതമായി. തെരുവിൽ സമരാനുകൂലികളും എതിർക്കുന്നവരും പൊലീസും തെരുവിൽ ഏറ്റുമുട്ടി. തൃശൂരിൽ മൂന്നു പേർക്ക് വെട്ടേറ്റു. ഇതിനിടെ, ഹർത്താലുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്ത് അറസ്റ്റിലായത് 266 പേരാണ്. 334 പേർ കരുതൽ തടങ്കലിലാണ്. അക്രമികളെ കണ്ടെത്താൻ ഓപ്പറേഷൻ 'ബ്രോക്കൺ വിൻഡോ എന്ന പേരിൽ തെരച്ചിൽ നടത്തും.

  കോഴിക്കോട് മിഠായിത്തെരുവിൽ അരങ്ങേറിയത് നായകീയസംഭവങ്ങൾ

  ഹർത്താലിൽ നാടകീയ സംഭവങ്ങളാണ് കോഴിക്കോട് മിഠായി തെരുവിൽ അരങ്ങേറിയത്. പൊലീസും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരും കടകൾ തുറപ്പിക്കാൻ ശ്രമിച്ചപ്പോൾ സമരാനുകൂലികൾ കടകൾ അടപ്പിക്കാനെത്തി. സംഘർഷം മണിക്കൂറുകൾ നീണ്ടു നിന്നു.
  പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നേരിടാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും എത്തിയതോടെ മിഠായിത്തെരുവ് സംഘര്‍ഷഭൂമിയായി.

  തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ വ്യാപാരനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു കടകള്‍ തുറക്കാനുള്ള തീരുമാനം. പൊലീസ് സുരക്ഷ നല്‍കുമെന്ന ഉറപ്പില്‍ രാവിലെ പത്തു മണിയോടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ധീന്‍റെ കടയാണ് ആദ്യം തുറന്നത്. മറ്റ് കടകളും തുറക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധമെത്തി. ഹര്‍ത്താല്‍ അനുകൂലികളില്‍ ഒരു വിഭാഗം പൊലീസിനെ മറികടന്ന് മിഠായിത്തെരുവിനുള്ളിൽ കടന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.

  തുടക്കത്തില്‍ പൊലീസ് കാഴ്ചക്കാരായി. അക്രമികളെ നേരിടാന്‍ ഡി.വൈ.എഫ്.ഐയുമെത്തി. ഇതോടെ പൊലീസ് ലാത്തി വീശി. ചിതറിയോടിയ അക്രമിസംഘം വി.എച്ച്.പിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ കയറി കല്ലേറുതുടങ്ങി. ഇതോടെ ഡി.വൈ.എഫ്.ഐ സംഘടിച്ചെത്തി. അക്രമികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മിഠായിത്തെരുവിലെ സംഭവങ്ങളിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. മിഠായിത്തെരുവില്‍ വി.എച്ച്.പിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ നിന്നും പൊലീസ് ആയുധങ്ങള്‍ പിടികൂടി.

  തിരുവനന്തപുരവും കൊച്ചിയും സംഘർഷഭരിതം

  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. നെടുമങ്ങാടും നെയ്യാറ്റിൻകരയിലും സിപിഎം-ബിജെപി സംഘർഷമുണ്ടായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി.

  എറണാകുളത്ത് കൊച്ചി നഗരത്തിലും ആലുവ അടക്കമുള്ള പ്രദേശങ്ങളിലും സംഘർഷമുണ്ടായി. പാലക്കാട്ട് സംഘർഷത്തിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും അടക്കം നിരവധി പേർക്ക് പരുക്കേറ്റു. സിപിഐ ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു.

  മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം

  മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ച് ഹർത്താലനുകൂലികൾ. പാലക്കാട് സംഘർഷത്തിനിടെ കല്ലേറിൽ ന്യൂസ് 18 റിപ്പോർട്ടർ പ്രസാദ് ഉടുമ്പുശേരിക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ബിജുവിന് പരുക്കേറ്റു. തൃശൂരിൽ പ്രാദേശികചാനൽ പ്രവർത്തനു നേരെയും അക്രമമുണ്ടായി. ക്യാമറ തല്ലിത്തകർത്തു.

  മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്ക്

  മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് തിരുവനന്തപുരത്ത് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ ബോധപൂര്‍വ്വം വാഹനം ഇടിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഡിജിപി അറിയിച്ചു.

  ഒരു മണിയോടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ രാജീവിനെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയ അകമ്പടി വാഹനം
  ബൈക്കിലെത്തിയ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇടിച്ചിട്ട് നിര്‍ത്താതെ പാഞ്ഞു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍, മുനീര്‍, ബിജു, എന്നിവര്‍ക്ക് പരിക്കേറ്റു. കാലിനും തലയ്ക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധിച്ചവരെ കൊല്ലാനുളള ശ്രമമാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

  മൂന്ന് ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റു

  തൃശൂർ വാടാനപ്പള്ളിയിൽ ഹർത്താലിനിടെ ബിജെ പി - എസ് ഡി പി ഐ സംഘർഷം. മൂന്ന് ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റു. സുജിത്, ശ്രീജിത്, രതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ബിജെപി പ്രവർത്തകരുടെ പ്രകടനത്തിനിടെ എസ് ഡി പി ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് 40 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  വടക്കൻ ജില്ലകളിൽ വ്യാപക അക്രമം

  ഹർത്താലിൽ വടക്കൻ ജില്ലകളിൽ വ്യാപകമായ അക്രമമുണ്ടായി. അതേസമയം കോഴിക്കോട്ടും മലപ്പുറത്തും ചിലയിടങ്ങളിൽ ചെറുത്തു നിൽപ്പുമായി വ്യാപാരികൾ കടകൾ തുറന്നു. കോഴിക്കോട് മിഠായിത്തെരുവിൽ പ്രകടനവുമായെത്തിയ ഹർത്താൽ അനുകൂലികൾ തുറന്നു പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങൾ അടിച്ചു തകർത്തു.

  കോഴിക്കോട് ജില്ലയിൽ രാവിലെ മുതൽ അങ്ങിങ്ങ് അക്രമമുണ്ടായി. കട്ടിപ്പാറയിൽ ബൊലേറോ ജീപ്പ് അടിച്ചു തകർത്തു. യാത്രക്കാർക്ക് പരുക്കേറ്റു. ഓമശ്ശേരിയിൽ ഹർത്താലനുകൂലികൾ ഹോട്ടലിന്‍റെ ചില്ല് തകർത്തു. പന്നിക്കോട് എയർപോർട്ട് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ സമരാനുകൂലികളെ പൊലീസ് വിരട്ടിയോടിച്ചു.

  മുക്കത്ത് സംസ്ഥാനപാതയിൽ ലോറിക്ക് നേരെ കല്ലെറിയുകയും ഡ്രൈവറെയും ക്ലീനറെയും മർദ്ദിക്കുകയും ചെയ്തു. താമരശ്ശേരിയിൽ ഇന്നലെ രാത്രിയിൽ KSRTC ബസ്സിന് നേരെ കല്ലേറുണ്ടായി. കല്ലുരുട്ടിയിൽ റോഡിന് കുറുകെയിട്ട കല്ലുകളിൽ തട്ടി ബൈക്ക് മറിഞ്ഞ് മദ്റസ അധ്യാപകന് ഗുരുതരമായി പരുക്കേറ്റു. താഴെ തിരുവമ്പാടി നൂറുൽ ഇസ്‌ലാം മദ്റസ അധ്യാപകൻ അബൂബക്കർ മുസ്ലിയാരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

  കൊടുവള്ളിയിലും ഓമശ്ശേരിയിലും താമരശ്ശേരിയിലും ഏതാനും കടകൾ തുറന്നു. മിഠായിത്തെരുവിൽ തുറന്നു പ്രവർത്തിച്ച കടകൾ ഹർത്താലനുകൂലികൾ അടിച്ചു തകർത്തു. വയനാട്ടിൽ എട്ട് പ്രാദേശിക ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചു. കണ്ണൂർ മലയോര മേഖലയിൽ ഹർത്താൽ സമാധാനപരമായിരുന്നു. പയ്യന്നൂരിൽ കല്ലേറുണ്ടായി.

  മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് അക്രമികൾ തീയിട്ടു. പൊന്നാനിയിൽ ഹർത്താൽ അനുകൂലികൾ കട അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാർജിനിടെ സിഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ആറുപേരെ അറസ്റ്റ് ചെയ്തു. വാഴയൂർ കാരാട് സംഘർഷമുണ്ടായി. അരീക്കോടും എടവണ്ണപ്പാറയിലും വാഴക്കാടും വ്യാപകമായി കടകൾ തുറന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ആക്രമണത്തില്‍ രണ്ടിടത്തായി 11 പൊലീസുകാര്‍ക്കു പരുക്ക്. എടപ്പാളില്‍ സിപിഎം പ്രതിഷേധത്തിനിടയിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്ക് ഓടിച്ചു കയറ്റിയത് സംഘര്‍ഷത്തിന് കാരണമായി. ജില്ലയില്‍ 22 കേസുകളിലായി 12 പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്, പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. മരുത റോഡ് പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണമുണ്ടായി. തലശേരി കൊളശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് നേരെ ബോംബേറ് നടന്നു. എന്നാൽ, ബോംബ് പൊട്ടിയില്ല.

  വേറിട്ടുനിന്ന് തേക്കടി; മധ്യകേരളത്തിൽ ഹർത്താൽ ഏറെക്കുറെ പൂർണം

  ഹർത്താൽ ദിനത്തിലും വിനോദ സഞ്ചാരികളാൽ സമ്പന്നമായിരുന്നു തേക്കടി. ഹർത്താൽ ബഹിഷ്‌കരിക്കാൻ വിനോദസഞ്ചാര മേഖലയിലുള്ളവർ തീരുമാനിച്ചതോടെയാണ് തേക്കടിയിൽ ഹർത്താൽ തോറ്റത്. അതേസമയം, ഇടുക്കിയിലും കോതമംഗലത്തും അങ്ങിങ്ങ് കടകൾ തുറന്നതൊഴിച്ചാൽ മധ്യ കേരളത്തിൽ ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു. വൈക്കം നിയോജക മണ്ഡലത്തിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നേരത്തെ നിശ്ചയിച്ച വിവാഹങ്ങളും ചോറൂണ് ചടങ്ങുകളും നടന്നു. അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് തടസ്സമുണ്ടായില്ല.

  എറണാകുളം ജില്ലയിലെ കാലടിയിൽ ബിജെപിയും സിപിഎമ്മും നേർക്കുനേർ പ്രകടനമായെത്തിയത് സംഘർഷത്തിനിടയാക്കി. സിഐ സജി മാർക്കോസിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. കോതമംഗലം കമ്പനിപ്പടിയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച അഞ്ച് ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂരിൽ ഹർത്താൽ പൂർണമായിരുന്നു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ക്ഷേത്രത്തിൽ ഭക്തരുടേയും അയ്യപ്പൻമാരുടെയും തിരക്കിന് കുറവുണ്ടായില്ല. ഭക്ഷണം ലഭിക്കാതെ പലരും വലഞ്ഞു. ക്ഷേത്രത്തിൽ 14 വിവാഹങ്ങൾ ശീട്ടാക്കി. 95 ചോറൂണും നടന്നു.

  ഇടുക്കി ചെറുതോണിയിൽ BJP നേതാക്കൾ ഉൾപ്പെടെ പതിനഞ്ചോളം ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടിമാലിയിൽ വാഹനം തടഞ്ഞ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഹർത്താൽ അനുകൂലികൾ ഗാന്ധി പ്രതിമ അടിച്ചു തകർത്തു. കോട്ടയം പാലായിൽ റോഡിൽ തീയിട്ട് ഗതാഗതം തടസപ്പെടുത്തി. വൈക്കം നഗരത്തിൽ BJP ഹിന്ദു ഐക്യവേദി, ശബരിമലകർമ്മസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ഇടതുപക്ഷ സംഘടനകളുടെ കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല.

  ഹർത്താലിൽ സ്തംഭിച്ച് തെക്കൻ കേരളവും

  തെക്കൻ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നഗരങ്ങൾക്കും പ്രധാന പട്ടണങ്ങൾക്കും ഒപ്പം ഗ്രാമപ്രദേശങ്ങളും ഹർത്താലിൽ സ്തംഭിച്ചു. വ്യാപക അക്രമവും സംഘർഷവുമാണ് ഹർത്താലിൽ ഉണ്ടായത്. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം മുതൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. ചാലയിൽ കടകൾ തുറന്നു. നെയ്യാറ്റിൻകരയിലും കഴക്കൂട്ടത്തും മലയിൻകീഴും സംഘർഷമുണ്ടായി. മലയൻകീഴ് കടയടപ്പിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് പിടികൂടി. ഈഴക്കോട് സ്വദേശി ബിജു പ്രഭയുടെ വീടിനു നേരേ ആക്രമണം നടന്നു. ജനൽച്ചില്ലുകളും കാറും തകർത്തു. ഗ്രാമപ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. നെയ്യാറ്റിൻകരയിൽ ജലഅതോറിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി.

  കൊല്ലം പള്ളിമുക്കിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പുനലൂരിൽ ശബരിമല തീർത്ഥാടനത്തിനായി ചെന്നൈയിൽനിന്ന് എത്തിയ കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർ KSRTC ബസ് സ്റ്റാൻഡിൽ കുടുങ്ങി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടർ അടച്ചു പൂട്ടി. വെട്ടിക്കവലയിൽ കെ എസ്‌ ആർ ടി സി ബസിനു നേരെ കല്ലേറുണ്ടായി. പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ് .ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

  പന്തളത്ത് അഞ്ച് ഇടതുമുന്നണി പ്രവർത്തകരുടെ വീടുകൾ അക്രമികൾ അടിച്ചു തകർത്തു. സിപിഎം പ്രവർത്തകരായ കെഎൻ സരസ്വതി, അശോകൻ, മധുസൂദനൻ, സിപിഐ നേതാക്കളായ ജയൻ, വിജയകുമാർ എന്നിവരുടെ വീടുകളാണ് പുലർച്ചെ അടിച്ചു തകർത്തത്. ആക്രമണത്തിന് പിന്നിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. റാന്നി താലൂക്ക് ആശുപത്രിയുടെ ആമ്പുലൻസിന് നേരെ പെരുമ്പെട്ടിക്ക് സമീപം ചാലപ്പള്ളിയിൽ ആക്രമണം ഉണ്ടായി. എരുമേലിയിൽ വാഹനഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ച അഞ്ചു ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
  First published: