ഇതും വായിക്കുക: മാപ്പു നൽകൂ ...മഹാമതേ.... തരൂരിന് സവർക്കർ അവാർഡ്; ചോദ്യത്തിന് മുന്നിൽ കൈകൂപ്പി തൊഴുത് പ്രതിപക്ഷ നേതാവ്
ശശി തരൂര്‍ എംപിക്ക് സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. സവര്‍ക്കറുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയെന്ന സംഘടന മറ്റ് പലര്‍ക്കുമൊപ്പം ശശി തരൂരിനെയും തിരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു പുരസ്കാരത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍ഡിന്‍റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.
advertisement
എന്നാല്‍, ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു. ഡൽഹിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
ശശി തരൂരിന്റെ പ്രതികരണം
ഇന്ന് ഡൽഹിയിൽ വെച്ച് നൽകുന്ന 'വീർ സവർക്കർ പുരസ്‌കാരത്തിന്' എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാർത്തകളിൽ നിന്നാണ് ഞാൻ അറിഞ്ഞത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി കേരളത്തിൽ എത്തിയപ്പോഴാണ് ഇന്നലെ ഞാൻ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഞാൻ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാൻ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡൽഹിയിൽ ചില മാധ്യമങ്ങൾ ഇതേ ചോദ്യം ആവർത്തിക്കുകയാണ്. അതിനാൽ, ഇക്കാര്യത്തിൽ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാൻ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നൽകുന്ന സംഘടന, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.
