സിദ്ദിഖ് കാപ്പന് വേണ്ടി ഇടപെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി രേഖപ്പെടുത്തുന്നു എന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ദിഖ് പറഞ്ഞു. 'മുഖ്യമന്ത്രിയുടെ സഹായം ഇനിയും ഉണ്ടാകണം. ഇന്നലെ സംസാരിച്ചത് ഭാര്യ എന്ന വികാരത്തോടെ ആണ്. എല്ലാവരും അവസാനം വരെ കൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ' - റൈഹാനത്ത് പറഞ്ഞു.
COVID 19 | സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ച് മരിച്ചത് 28 പേർ
advertisement
കോവിഡ് ബാധിതനായി മഥുര ആശുപത്രിയിൽ സിദ്ദിഖ് കാപ്പൻ നേരിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുന്നവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രഥമിക കർമങ്ങൾക്ക് പോലും പോകാൻ കഴിയാതെ കട്ടിലിൽ കെട്ടിയിട്ടു മൃഗതുല്യമായ പീഡനം ആണ് അദ്ദേഹം അനുഭവിക്കുന്നത്. മനുഷ്യർക്ക് നൽകുന്ന പരിഗണന എങ്കിലും നൽകണം എന്നും മുനവ്വർ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. നിരപരാധി ആയ സിദ്ദീഖ് കാപ്പനെ വിട്ടയക്കണം എന്നും അതുവരെ കുടുംബത്തിന് ഒപ്പം പോരാട്ടത്തിന് പിന്തുണ നൽകി കൂടെ ഉണ്ടാകും എന്നും മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും കാപ്പനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മഥുര ആശുപത്രിക്ക് മുമ്പിലും യൂത്ത് ലീഗ് സമാനമായ രീതിയിൽ പ്രതിഷേധ സംഗമം നടത്തും എന്ന് ഫൈസൽ ബാബു പറഞ്ഞു. കാപ്പന് മികച്ച ചികിത്സ ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്, സുപ്രീം കോടതി അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
യു എ പി എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.
ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ വി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം.
കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു പി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർഥിച്ചു. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു എ പി എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു ജാമ്യം.