കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ ,പി കെ ജയലക്ഷ്മി ,ദീപ്തി മേരി വർഗീസ് ,ആലിപ്പറ്റ ജമീല, കെ എ തുളസി ,ജെബി മേത്തർ എം പി എന്നിവരാണ് പരാതിയുമായി എഐസിസി - കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.
advertisement
ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി (simi rosebell john) രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. കോൺഗ്രസിൽ വി ഡി സതീശന്റെ നേതൃത്വത്തില്‍ പവർഗ്രൂപ്പുണ്ടെന്നും പദവികള്‍ അർഹരായിട്ടുള്ള വനിതകൾക്ക് നീതി ലഭിക്കുന്നില്ലെന്നും ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലും പ്രൈം ഡിബേറ്റിലും സിമി റോസ്ബെൽ തുറന്നടിച്ചു. ഹൈബി ഈഡൻ എംപിയും വിനോദ് എംഎൽഎയും ദീപ്തി മേരി വർഗീസും തന്നെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ലെന്നും സിമി പറഞ്ഞു. പിഎസ് സി അംഗത്വം ലഭിച്ചതല്ലേ, ഇനി വീട്ടിലിരിക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്. സൗഭാഗ്യങ്ങൾ വേണ്ടെന്നും വച്ചും ഏറെ ത്യാഗം സഹിച്ചുമാണ് ഈ പാർട്ടിയിൽ പ്രവർത്തിച്ചത്. അതിന് അദ്ദേഹത്തിന്റെ ആട്ടും തുപ്പും സഹിക്കാൻ മാത്രം അധപതിച്ചിട്ടില്ലെന്നും സിമി റോസ്ബെൽ പറയുന്നു.