കാസർകോട് പയസ്വിനിപുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ മക്കളായ മൂന്നു കുട്ടികളാണ് മുങ്ങി മരിച്ചത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്-ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരൻ മജീദന്റെ മകൻ സമദ് (13) ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ്(17) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് വെക്കേഷന് എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയ കുട്ടികൾ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സും പ്രദേശവാസികളും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
advertisement
യാസീൻ കാനത്തൂർ ഗവ. യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: സഫ, അബ്ദുൾ അമീൻ. ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സമദ്. മാതാവ്; സഫീന സഹോദരി: ഷാമിലി. റിയാസ് മഞ്ചേശ്വരം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സഹോദരി:റിസ്വാന. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കം എരിഞ്ഞിപുഴ നൂറുൽ ഹുദാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
കണ്ണൂർ ജില്ലയിൽ വള്ളിത്തോട് ചരൾ പുഴയിൽ കൊറ്റാളിക്കാവിനു സമീപത്തെ വയലിൽ പൊല്ലാട്ട് വിൻസൻറ് (42), അയൽവാസി നാലാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ കൃഷ്ണ (9) എന്നിവരും ബാവലിപ്പുഴയിലെ കുണ്ടേരിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അധ്യാപകൻ കാണിച്ചാർ നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നിൽ ജെറിൻ ജോസഫ് (27) എന്നയാളുമാണ് മരിച്ചത്.