തൃശൂരിലെ ജനങ്ങൾ ഈ കലോത്സവത്തെ ഹൃദയത്തിലേറ്റിയെന്നും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് തൃശൂരിനെ വിളിക്കുന്നത് വെറുതെയല്ലെന്നും അദ്ദേഹം പറഞ്ഞു. യുവജനോത്സവം എന്ന് കേൾക്കുമ്പോൾ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ് മനസ്സിലേക്ക് വരുന്നത്. തന്റെ കുട്ടിക്കാലത്ത് കലോത്സവങ്ങളിൽ പങ്കെടുത്തതും സമ്മാനം ലഭിക്കാത്തതിലെ സങ്കടവും ലഭിച്ചപ്പോഴുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഓരോ കലോത്സവവും കുട്ടികളുടെ മനസ്സിൽ വലിയ അനുഭവമായി മാറുന്നുണ്ടെന്നും കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമ്മുടെ കുട്ടികൾക്ക് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കുട്ടികൾ ഭാവിയിൽ വിദേശരാജ്യങ്ങളിലേക്ക് പോകാതെ ഇവിടെത്തന്നെ തുടരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വേദയിലിരിക്കുന്ന നമ്മളെല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശങ്ങളിലേക്ക് പോകാതെ കേരളത്തിൽ തന്നെ തുടർന്നാൽ നാടിനെ ഉന്നതമായ നിലയിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് സാധിക്കും. നാളെ കേരളം ഒരു വൃദ്ധസദനമായി മാറുമോ എന്ന ഭയം തനിക്കുണ്ടെന്നും കുട്ടികളുടെ കഴിവുകളെ കേരളത്തിൽ തന്നെ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
advertisement
