മുസ്ലിം സമുദായത്തെ മൊത്തമായി ഈഴവർക്കെതിരേ തിരിച്ചുവിട്ട് മതവിദ്വേഷം സ്ഥാപിച്ച് മത സൗഹാർദം ഇല്ലാതാക്കി മത കലഹമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായത്തെ അല്ല പറഞ്ഞത്, ലീഗിനെയാണ്. അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കോടെ ലീഗും ലീഗിന്റെ നേതാക്കളും ശ്രമിക്കുന്നു- വെള്ളാപ്പള്ളി പറഞ്ഞു.
ഇതും വായിക്കുക: 'അവൻ തീവ്രവാദി, ഈരാറ്റുപേട്ടക്കാരൻ'; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ
'എന്നെ വേട്ടയാടാൻ ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ? ഇപ്പോഴല്ലേ എന്തെങ്കിലും പറയുന്നത്. എന്നെ ഇങ്ങനെ ആക്ഷേപിക്കാൻ എന്തുകാര്യം. ഞാൻ ചില സത്യങ്ങൾ പറഞ്ഞാൽ അത് ട്വിസ്റ്റ് ചെയ്ത് മതവിദ്വേഷമുണ്ടാക്കാനുള്ള പ്രവൃത്തി, ആരിൽ നിന്നൊക്കെയോ അച്ചാരം വാങ്ങിച്ച് ടിക്കറ്റും വാങ്ങിച്ച് ദുബായിലൊക്കെ പലരും പോകുന്നുണ്ട്. ഞാൻ എന്താ തെറ്റ് ചെയ്തത്. മലപ്പുറത്ത് സ്കൂളും കോളേജും ഇല്ല എന്ന് പറഞ്ഞപ്പോൾ എന്തിനാണ് ഇത്ര വിഷമം. ഞാൻ കണക്ക് വെച്ചു പറഞ്ഞപ്പോൾ കാന്തപുരം പറഞ്ഞു, എനിക്ക് ഉണ്ട് (വിദ്യാഭ്യാസ സ്ഥാപനം) എന്ന്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു അൺ എയ്ഡഡ് കോളേജാണ് ഉള്ളത്. ഈ അൺ എയ്ഡഡ് കോളേജ് ഞങ്ങൾക്കുള്ളപ്പോൾ ലീഗുകാർക്ക് 48 ആൺ എയ്ഡഡ് കോളേജ് മലപ്പുറത്തുണ്ട്. ഞാൻ വെല്ലുവിളിക്കുന്നു, യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പിലാക്കിയോ എന്ന് പഠിക്കാനും സർവെ എടുക്കാനും ഒരു കമ്മീഷനെ വെച്ച് ആത്മ പരിശോധന നടത്തട്ടെ. കുറവ് മനസിലാക്കി അത് പരിഹരിക്കപ്പെടേണ്ടതാണ് എന്ന് പറയേണ്ടതിന് പകരം എന്നെ ഒരു മതവിദ്വേഷിയാക്കി'- വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.
advertisement
സിപിഐയ്ക്കെതിരേ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനകത്ത് ചർച്ച ചെയ്യേണ്ട കാര്യം പുറത്ത് പറഞ്ഞ് മുന്നണിക്കുള്ളിൽ അനൈക്യമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ത്രിതല പഞ്ചായത്തിലെ പരാജയത്തിന്റെ പ്രധാന കാര്യങ്ങളിൽ ഒന്ന് ഇതാണ്. സിപിഐ സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ അവർക്ക് മനസ്സിലാക്കാം. പിന്നോക്കകാരുടേയും പട്ടികജാതിക്കാരുടേയും പിൻബലമാണ് ഇടതുപക്ഷത്തിന്റെ നിലനിൽപ്പ്. അത് മനസ്സിലാക്കാതെ എന്നെ തള്ളാൻ ഇതിനുമാത്രം എന്താണ് കാര്യം. എന്റെടുത്ത് വന്ന് കാശ് വാങ്ങി കൈ തന്ന് പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോൾ താൻ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
