'അവൻ തീവ്രവാദി, ഈരാറ്റുപേട്ടക്കാരൻ'; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലിങ്ങളുെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി
ആലപ്പുഴ: തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് ഇന്ന് വെള്ളാപ്പള്ളി അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്ലിങ്ങളുെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു. റിപ്പോർട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്‍റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോർട്ടർ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എംഎസ്എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളേജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞത്. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്'- വെള്ളാപ്പള്ളി പറഞ്ഞു.
advertisement
പേര് കണ്ടാണോ തീവ്രവാദി എന്ന് വിളിച്ചത്? അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ മുമ്പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്; 'അറിവുണ്ട്' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തുടർന്നുള്ള ചോദ്യത്തിന് അദ്ദേഹം മാധ്യമപ്രവർത്തകരോട് 'താനാരാ, കൂടുതൽ കസർക്കുകയൊന്നും വേണ്ട...' തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ക്ഷോഭിച്ചു. 'വെറുതെ കളിക്കാതെ, വിരട്ടണ്ട. അയാൾ (മാധ്യമപ്രവർത്തകൻ) തീവ്രവാദി എന്ന് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു. എടോ ഞാൻ ഇത് വലിച്ച് എറിയണോ. ഇല്ലെങ്കിൽ എടുത്തോണ്ട് പോയിക്കോണം. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട. പറയണത് കേട്ടാൽ മതി. കുറേനാളായി തുടങ്ങിയിട്ട്. ഒരു ചുക്കും ചെയ്യാൻ പറ്റില്ല- വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
advertisement
ഇത്തരത്തിൽ ഒരു ആക്ഷേപം മാധ്യമപ്രവർത്തകനെതിരേ എന്തടിസ്ഥാനത്തിലാണ് ഉപയോഗിച്ചത് എന്ന ചോദ്യത്തിന്, 'അദ്ദേഹത്തിന്റെ തീവ്രവാദപ്രവർത്തനങ്ങൾ അറിയാവുന്നത് കൊണ്ടാണ്. അത് വ്യക്തമാക്കേണ്ട സമയത്ത് വ്യക്തമായിക്കൊള്ളാം. പ്രവൃത്തികൊണ്ടാണ് അറിയുന്നത്. അയാൾ എംഎസ്എഫിന്റെ പ്രവർത്തകനായിരുന്നു. എന്റെ അനുഭവത്തിൽ അതുണ്ട്. കൂടുതൽ ചോദിക്കണ്ട'- എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Jan 02, 2026 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവൻ തീവ്രവാദി, ഈരാറ്റുപേട്ടക്കാരൻ'; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ






