'ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്' എന്ന ക്യാപ്ഷനോടയൊണ് മെസിയുടെ ചിത്രം അബ്ദുറഹിമാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ 'മെസ്സി വരും ട്ടാ...' എന്നും കുറിച്ചിട്ടുണ്ട്. ഇലക്ഷനായതിനാലാണ് മെസ്സി വരുന്നതെന്ന കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
ഈ ഓഫർ നിലമ്പൂർ തിരഞ്ഞെടുപ്പ് കഴിയും വരെ മാത്രമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'മുമ്പ് പാലക്കാട് ഇലക്ഷൻ ദിവസമാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് ഇപ്പോൾ നിലമ്പൂർ ഇലക്ഷൻ ഉദ്ദേശം വ്യക്തം, ഓരോ ഇലക്ഷന് വരുമ്പോഴും മെസ്സി വരും. ഇല്ക്ഷൻ കഴിഞ്ഞാൽ മെസ്സി പോകും..., മെസ്സി കേരളത്തിലേക്ക്...സ്വരാജ് നിയമസഭയിലേക്ക്, സ്വരാജിന് വേണ്ടി വോട്ട് പിടിക്കാൻ കാൽപന്ത് കളിയുടെ രാജാവ് മെസ്സി ഇതാ കടന്ന് വരികയാണെന്ന്'.- തുടങ്ങിയ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
advertisement
നേരത്തെ അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ, മെസിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.
ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദു റഹ്മാൻ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിരുവനന്തപുരത്ത് ഒരു പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ ഏഴ് ദിവസം മെസ്സി കേരളത്തിൽ ഉണ്ടാകും. സൗഹൃദ മത്സരത്തിന് പുറമെ, നിങ്ങളെയെല്ലാം കാണാൻ ഇരുപത് മിനിറ്റ് അദ്ദേഹം ഒരു പൊതു ഡയസിൽ ഉണ്ടാകുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ മാസം മെസി കേരളത്തിൽ എത്തില്ലെന്ന സൂചനകളും പുറത്തു വന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസമേകികൊണ്ടുള്ള പോസ്റ്റ് അബ്ദുറഹിമാൻ പങ്കുവച്ചത്.