പരാതിക്കാരി ജയിലിൽവച്ച് എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. പിന്നീട് ഈ കത്ത് നന്ദകുമാറിന് നൽകാൻ പരാതിക്കാരി മനോജിനോട് നിർദേശിച്ചു. അതുപ്രകാരം കത്ത് കൈമാറുകയും ചെയ്തു. എന്നാൽ, കത്ത് കൈമാറുംമുമ്പുതന്നെ പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി. ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു വാർത്താചാനലിന് വിറ്റു. പിന്നീട് നന്ദകുമാർ എറണാകുളത്തുവെച്ച് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടിലുണ്ട്.
advertisement
ലൈംഗികാരോപണസംഭവത്തിൽ പരാതിക്കാരി പറയുന്നത് കളവാണെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ജനറൽമാനേജരായിരുന്ന രാജശേഖരൻ നായരും സിബിഐക്ക് മൊഴിനൽകി. പണത്തിനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.
സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്നതെന്നുകാട്ടി പരാതിക്കാരി ഹാജരാക്കിയ സാരിയിൽ എന്തെങ്കിലും ശരീരസ്രവങ്ങളുടെ സാന്നിധ്യമുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയെന്നുപറയുന്ന 2012 സെപ്റ്റംബർ 19ന് അവരെ അവിടെ കണ്ടതായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. ക്ലിഫ്ഹൗസിൽവച്ച് ലൈംഗിക പീഡനം നടന്നുവെന്നതിന് പി സി ജോർജ് സാക്ഷിയല്ലെന്നും പരാതിക്കാരി പി സി ജോർജിന്റെ വീട്ടിലെത്തി കുറിപ്പ് നൽകിയത് ദുരുദ്ദേശ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിക്ക് ഉമ്മൻചാണ്ടിയെ കാണാൻ അപ്പോയ്‌ൻമെന്റ് ലഭ്യമാക്കിയതായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പൻ മൊഴിനൽകിയിരുന്നു. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് താൻ സാക്ഷിയായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. ക്ലിഫ്ഹൗസിൽ തനിക്കൊപ്പം എത്തിയെന്ന് പരാതിക്കാരി പറയുന്ന സന്ദീപ് സംഭവദിവസം ക്ലിഫ്ഹൗസിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
സോളാർ കേസുമായി ബന്ധപ്പെട്ട കോഴ ആരോപണവും സിബിഐ തള്ളിക്കളയുന്നു. കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി പോളിസി നടപ്പാക്കാൻ ഉമ്മൻചാണ്ടി 1.90 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണമാണ് സിബിഐ തള്ളിയത്. ഈ ആരോപണത്തിനും തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്. ക്ലിഫ്ഹൗസിൽ പോയതിനും ഡൽഹിയിൽ ഉമ്മൻചാണ്ടിക്കായി പണംനൽകിയതിനും സാക്ഷികളായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവരൊക്കെ സിബിഐക്ക് നൽകിയത് വ്യത്യസ്തമായ മൊഴിയായിരുന്നു.