കേരളത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പുതിയ തട്ടിപ്പുമായി രംഗത്ത്. സന്നദ്ധസംഘടനകള്‍ക്ക് സാമൂഹിക പ്രതിബദ്ധതാഫണ്ട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്.
ന്യൂസ് 18 ബിഗ് ഇന്‍വെസ്റ്റിഗേഷന്‍
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ സോളാര്‍ കേസിലെ മുഖ്യപ്രതി എവിടെയെന്ന അന്വേഷണമാണ് ഞങ്ങളെ കൊച്ചി കാക്കനാട്ടുള്ള മെറിഡിയന്‍ എന്ന സ്ഥാപനത്തിലെത്തിച്ചത്. സന്നദ്ധസ്ഥാപനങ്ങള്‍ക്ക് വന്‍കിട കോര്‍പറേറ്റുകളില്‍ നിന്നും സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടെന്ന സി.എസ്.ആര്‍. തരപ്പെടുത്തി നല്‍കാമെന്ന പേരില്‍ കോടികള്‍ തട്ടിയെടുക്കലാണ് ബിജുവിന്റെ പുതിയ ബിസിനസ്.
advertisement
കൊല്ലം സ്വദേശിയായ ബിജു ആലപ്പുഴക്കാരനെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സോളാര്‍ കേസിലും ഭാര്യയെ കൊന്ന കുറ്റത്തിനുമായി വര്‍ഷങ്ങളോളം ജയിലിലായിരുന്ന കുറ്റവാളി അവകാശപ്പെടുന്നത് താന്‍ 15 വര്‍ഷത്തെ യു.കെ. ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് കേരളത്തിലേക്ക് മടങ്ങിയതെന്നാണ്. സഹോദരി ആലപ്പുഴ മുല്ലയ്ക്കല്‍ എസ്.ബി.ഐ. മാനേജരാണ്. സഹോദരീ ഭര്‍ത്താവ് ആദായനികുതി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനാണ്.
സോളാര്‍ തട്ടിപ്പുകാലത്തെ ഡോ. ആര്‍.ബി. നായരെന്ന പേരും യഥാര്‍ത്ഥ പേരായ ബിജു രാധാകൃഷ്ണനും മാറ്റി ബിജു ജോര്‍ജ്, ബിജു വര്‍ഗീസ്, ബിജു പൗലോസ് എന്നീ പേരുകളിലാണ് ബിജു ഇരകളെ വീഴ്ത്തുന്നത്. പേരിലെ മാറ്റം ഓഫീസിലുമുണ്ട്. ഓഫീസില്‍ നിറഞ്ഞുനില്‍ക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ ചിഹ്നങ്ങളുമാണ്. ഭാര്യയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ബിജുവിനായി സുപ്രീം കോടതിയില്‍ വാദിച്ച് കുറ്റവിമുക്തനാക്കിയ കൊച്ചിയിലെ അഭിഭാഷകയുടെ പേരിലുള്ള ആഡംബരക്കാറാണ് ബിജു ഉപയോഗിയ്ക്കുന്നത്.
തിരുവനന്തപുരത്തെ ഒരു സന്നദ്ധസംഘടനയ്ക്ക് ആയിരം കോടിയോളം ചിലവ് വരുന്ന ജൈവകൃഷി പദ്ധതിയുമായി ബന്ധപ്പെട്ട സി.എസ്.ആര്‍. ഫണ്ടിനായാണ് ഞങ്ങള്‍ ട്രസ്റ്റ് ഭാരവാഹിയോടൊപ്പം ബിജുവിന്റെ ഓഫീസിലെത്തിയത്. ഏപ്രില്‍ മാസത്തിനുള്ളില്‍ 1500 കോടി രൂപ തരപ്പെടുത്തി നല്‍കാമെന്ന് ബിജുവിന്റെ ഉറപ്പ്. ലഭിയ്ക്കുന്ന പണത്തിന്റെ 60 ശതമാനം തുക മാത്രം പദ്ധിയ്ക്കായി ചിലവഴിച്ചാല്‍ മതിയാവും. ബാക്കി ട്രസ്റ്റിനും ഒരു വിഹിതം തനിയ്ക്കും.
ബിജു ഉന്നയിച്ച അവകാശവാദങ്ങൾ
അമൃതാനന്ദമയിമഠം അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ ആരംഭിച്ച ആശുപത്രിയടക്കം കേരളത്തിനകത്തും രാജ്യത്തെ വിവിധയിടങ്ങളിലുമായി പത്തിലധികം മെഡിക്കല്‍ കോളേജുകള്‍ തന്റെ ഫണ്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ നിരവധി ഗ്രാമങ്ങളെയാണ് താന്‍ ദത്തെടുത്ത് വികസന പാതയിലേക്ക് എത്തിച്ചിരിയ്ക്കുന്നത്. 3000 പശുക്കളെ വളര്‍ത്തുന്ന ഗോശാല നടത്തുന്നു. ലിറ്ററൊന്നിന് 1500 രൂപ നിരക്കില്‍ ഗോമൂത്രം വിദേശത്തേക്ക് കയറ്റിയയ്ക്കുന്നു.
ആദിവാസി മേഖലയിലെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുന്നതും തന്റെ സ്ഥാപനമാണ്. ആദിവാസി മേഖലയില്‍ നിന്നും ഐ.എ.എസ്. നേടിയ ശ്രീധന്യയടക്കം നിരവധി പേര്‍ക്ക് ജോലി നേടി നല്‍കാന്‍ സഹായിച്ചു.
കേന്ദ്രസര്‍ക്കാരുമായും ബി.ജെ.പി. നേതാക്കളുമായും അടുത്ത ബന്ധമാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് മതിപ്പില്ല.
Summary: Biju Radhakrishnan, the prime accused in the solar scam case that created a political storm in Kerala, has come forward with a new scam. The scam involved promising to provide CSR funds to voluntary organisations
