അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് വാമനപുരം എംഎൽഎ ഡി കെ മുരളി പരാതിനൽകിയത്.
സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതിനാൽ മുരളിക്ക് ഇനി ആ പരാതി നിയമസഭയിൽ ഉന്നയിക്കാനാവില്ല. കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതൽ പുറത്താക്കൽവരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം.
കമ്മിറ്റി അംഗങ്ങൾ ഇവർ
advertisement
നിയമസഭയിലെ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷൻ മുരളി പെരുനെല്ലിയാണ്. പി ബാലചന്ദ്രൻ, എം വി ഗോവിന്ദൻ, യു എ ലത്തീഫ്, മാത്യു ടി തോമസ്, ടി പി രാമകൃഷ്ണൻ, റോജി എം ജോൺ, എച്ച് സലാം, കെ കെ ശൈലജ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ യു എ ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങൾ.
സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാൻ ആരേയും വിളിച്ചുവരുത്താൻ സമിതിക്ക് അധികാരമുണ്ടായിരിക്കും.
സമിതി തീരുമാനം പൊതുവേ ഏകകണ്ഠമായിരിക്കും. യോജിക്കാത്തവർക്ക് വിയോജനം രേഖപ്പെടുത്താം. അതുൾപ്പെടെയുള്ള റിപ്പോർട്ടാണ് സഭയുടെ പരിഗണനയ്ക്കുവരുക. രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും സഖ്യകക്ഷിയായ മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും.
ഈ സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. രാഹുലിനെതിരേ നിയമസഭയിൽ നടപടിയെടുക്കാൻ സർക്കാരിന് താത്പര്യമുണ്ടെങ്കിൽ സമ്മേളനം അവസാനിപ്പക്കുംമുൻപുതന്നെ നടപടികൾ പൂർത്തിയാക്കണം. മാർച്ച് 26 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അതിനുമുൻപ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ സമ്മേളനം നേരത്തേ പിരിയും. ഈ സാഹചര്യത്തിൽ കമ്മിറ്റി ഉടൻ യോഗംചേർന്ന് നടപടികൾ തുടങ്ങിയേക്കും.
