കഴിഞ്ഞ ദിവസം അജിത്തിന്റെ കുടുംബവീട്ടിലെത്തിയ മന്ത്രി ജി.ആർ. അനിലും സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയും അജിത്തിന്റെ മാതാപിതാക്കളായ മാധവൻ നായരെയും രാധാദേവിയെയും സന്ദർശിച്ചു. കേസിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഗൗരവകരമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഒക്ടോബർ 19-ന് പുലർച്ചെയാണ് അജിത്തിനെ വീടിനുള്ളിലെ ഓഫീസിനോട് ചേർന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് അജിത്ത് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായക് ശങ്കർ ആദ്യം നൽകിയ മൊഴി. എന്നാൽ 60 ദിവസം കഴിഞ്ഞ് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കേസിൽ നിർണ്ണായകമായി. തലയ്ക്കേറ്റ കഠിനമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
ഇതോടെ മകന്റെ മൊഴിയിൽ മാറ്റം വന്നു. സംഭവ ദിവസം വണ്ടിയുടെ താക്കോലിനെച്ചൊല്ലി അച്ഛനുമായി പിടിവലിയുണ്ടായെന്നും ദേഷ്യത്തിൽ ടോർച്ച് കൊണ്ട് അടിച്ചെന്നും മകൻ പോലീസിനോട് സമ്മതിച്ചു. അജിത്തിന്റെ അച്ഛനും അമ്മയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ഭാര്യ ബീനയെയും മകൻ വിനായകിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
നാലുതവണ തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള അടിയിൽ ചതവുണ്ടായതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 പരിക്കുകൾ ഉള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണത്തിന് പിന്നാലെ നടന്ന പല കാര്യങ്ങളും വലിയ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അജിത് മരിച്ച് എട്ടാം നാൾ വീട്ടിലെ രണ്ട് മുറികൾ പെയിന്റടിച്ച് വൃത്തിയാക്കിയതും, മരണത്തിന് മുൻപ് അജിത് പങ്കുവെച്ച വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടതും ബന്ധുക്കൾ രംഗത്തുവന്നെങ്കിലും പൊലീസ് അത് ഗൗരവമായി കണ്ടില്ല. പിന്നീട് 60 ദിവസം കഴിഞ്ഞ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അജിത്തിൻ്റെ ഭാര്യയും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ ബീന, കോൺഗ്രസ് സ്‌ഥനാർഥിയായി വെമ്പായം പഞ്ചായത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയ്ക്ക് സീറ്റ് നൽകുന്നതിനെ അജിത്ത് പരസ്യമായി എതിർത്തിരുന്നു. ഭർത്താവിന്റെ മരണത്തിൽ തനിക്ക് സംശയമുണ്ടായിരുന്നില്ലെന്നാണ് ബീനയുടെ പ്രതികരണം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇതൊരു കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുകയാണ് അജിത്തിന്റെ മാതാപിതാക്കൾ.
