കായിക മന്ത്രി വി. അബ്ദുറഹിമാന്‍ 23 ദിവസം ജപ്പാനില്‍ ഉണ്ടാകും. ഈ മാസം 21ന് മന്ത്രി ജപ്പാനിലെത്തും. യാത്രയുടെ ചെലവുകളെല്ലാം മന്ത്രി തന്നെ വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ മാസം 23നാണ് ടോക്യോ ഒളിംപിക്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് അവസാനിക്കും. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാലേ മന്ത്രിക്ക് വിദേശ യാത്ര നടത്താനാകൂ.
advertisement
ടോക്യോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി.ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ അലക്‌സ് ആന്റണി എന്നിവരാണ് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മലയാളി അത് ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും നീന്തല്‍ താരം സജന്‍ പ്രകാശും മലയാളി പ്രാതിനിധ്യമായി ടോക്കിയോയില്‍ എത്തും.
ഒളിംപ്ക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍ പ്രകാശ് ടോക്യോവിലേക്ക് ടിക്കറ്റെടുത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കിലാണ് സജന്‍ പ്രകാശ് മത്സരിക്കുന്നത്. റോമില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിംപിക്‌സ് യോഗ്യത നേടുന്ന താരങ്ങളുള്ള എ വിഭാഗത്തിലാണ് സജന്‍ പ്രകാശും. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടിയാണ് സജന്‍ പ്രകാശ് വരവറിയിച്ചത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സജന്‍ പ്രകാശിന് ജോലി നല്‍കി. കേരളാ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹമിപ്പോള്‍.
ചരിത്രം കുറിച്ചുകൊണ്ടാണ് റോമില്‍ നടന്ന യോഗ്യതാ ചാമ്ബ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ ഒന്നാമതെത്തി സജൻ ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത നേടിയത്. ടോക്യോ ഒളിമ്ബിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ മത്സരിക്കുക.
2016ലെ റിയോ ഒളിമ്ബിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്‌റ്റൈല്‍, ബട്ടര്‍ഫ്‌ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിരുന്നു. സെറ്റ് കോളി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടുന്ന ആദ്യ നീന്തൽ താരമായി ഇന്ത്യയിലെ സജൻ പ്രകാശ് റോമിൽ ചരിത്രം കുറിച്ചത്.