നട്ടെല്ലുയർത്തി ആരുടെയും മുന്നിൽ ഭാരതത്തിന് വേണ്ടി ഉറച്ച് നിൽക്കണമെന്നും രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ 20 കുട്ടികൾക്കൊപ്പമാണെന്നും ഇളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ പി ഡിന്റോ. സ്കൂളിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിൻസിപ്പൽ.
advertisement
എവിടെനിന്നോ വന്ന വിമർശനങ്ങൾ കാരണം റെയിൽവെ ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചുവെന്നും നമ്മുടെ അഭ്യർത്ഥന മാനിച്ച് ആറ് മണിക്കൂറിനുള്ളിൽ റെയിൽവെ അത് വീണ്ടുമിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. "നമ്മൾ ആലപിച്ച പാട്ടിനെ ആർഎസ്എസ് ഗണഗീതം എന്ന് വിളിക്കുന്നു.പലരും പല പേരുകൾ വിളിക്കുന്നു. നമുക്കിത് ദേശഭക്തിഗാനമാണ്. ദേശഭക്തിഗാനം നമുക്ക് ലക്ഷ്യത്തിലേയ്ക്കുള്ള മാർഗമാണ്. ദേശഭക്തിഗാനം ദേശത്തിൻ്റേതാണ്"-പ്രിൻസിപ്പൽ കെ പി ഡിന്റോ കൂട്ടിച്ചേർത്തു.
എറണാകുളം-കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷ്യൽ യാത്രയ്ക്കിടെയായിരുന്നു വിദ്യാർഥികൾ ഗണഗീതം ആലപിച്ചത്.ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാർഥികൾ ഒരുമിച്ചുനിന്ന് ആർഎസ്എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചിരുന്നെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. എന്നാൽ നീക്കം ചെയ്ത വീഡിയോ എക്സ് അക്കൗണ്ടിൽ പിന്നീട് വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
