എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയാണ് തെരുവ് നായ അക്രമണത്തിനിരയായത്. കുട്ടിയുടെ വലതു ചെവിയുടെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്.ചെവി അറ്റു താഴെ വീണു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ അടുത്തുവച്ചാണ് കുട്ടിയതെരുവ് നായ ആക്രമിക്കുന്നത്. പിതാവിന്റെ മുന്നിൽ വച്ചായിരുന്നു തെരുവ് നായ ആക്രമിക്കുന്നത്. പിതാവ് നായയെ തുരത്താൻ ശ്രമിച്ചെങ്കിലും നായ കടിക്കുകയായിരുന്നു. അങ്കണവാടി വിദ്യാർഥിനിയാണ് നിഹാര.
advertisement
ഉടൻ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്. കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും തെരുവ് നായ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നുമാണ് നാട്ടുകാർ പറയുന്നത്.