പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പഞ്ഞു.കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
advertisement
റാം നാരായണിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും .ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു
സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി റാം നാരായൺ ബകേലാണ് (31) ആണ് നാട്ടുകാരുടെ ക്രൂരമായ മർദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റാം നാരായൺ മദ്യപിച്ച നിലയിലായിരുന്നുവെന്നും മോഷ്ടാവാണെന്ന് സംശയിച്ചാണ് നാട്ടുകാർ ഇയാളെ മർദിച്ചതെന്നും പോലീസ് പറയുന്നു. ഇയാളുടെ പക്കൽ നിന്ന് മോഷണവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. യുവാവിന്റെ ശരീരത്തിൽ അടിയേറ്റ നിരവധി പാടുകളുണ്ടെന്ന് വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് പറഞ്ഞു.
