കോൾ റെക്കോഡിങ്ങുകൾ അടക്കമുള്ള ശബ്ദരേഖകളും ചാറ്റിങ് റെക്കോഡുകളും അടക്കം നിരവധി ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പോലീസിന് കൈമാറി. അതിനൊപ്പം മെഡിക്കൽ രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഗർഭാവസ്ഥയിൽ ഡോക്ടറെ കണ്ടതും ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളുമെല്ലാം പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അലസിപ്പോയ ഗർഭത്തിന്റെ ഭ്രൂണാവശിഷ്ടം തെളിവിനായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് പരാതിക്കാരി മൊഴിയിൽ പറയുന്നത്.
പരാതി ലഭിച്ചത് അറിഞ്ഞാൽ രാഹുൽ ഒളിവിൽ പോകാനുള്ള സാധ്യത മുൻകൂട്ടി കണ്ട് അന്വേഷണ സംഘം ഉണർന്ന് പ്രവർത്തിച്ചു. പാലക്കാടായിരുന്നു രാഹുൽ ഉണ്ടായിരുന്നത്. പാലക്കാട് അതിർത്തി ജില്ലയാണ്. അതിനാൽ തന്നെ പോലീസ് നീക്കത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ രാഹുൽ തമിഴ്‌നാട്ടിലേക്കും പിന്നീട് കഴിഞ്ഞ തവണ ഒളിവിൽ കഴിഞ്ഞ കർണാടകത്തിലേക്കും രക്ഷപ്പെടാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ ആരെയും വിവരമറിയിക്കാതെ ചുരുക്കം ചില പോലീസുകാരെ മാത്രം വെച്ചുകൊണ്ട് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചുകൊണ്ടാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. അങ്ങനെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇത്തരത്തിൽ എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള അറസ്റ്റായിരുന്നു.
advertisement
