ബിരുദം മാത്രമുള്ള സ്വപ്ന സുരേഷ് സർക്കാരിലെ ഉന്നത കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടാക്കിയത് അദ്ഭുതത്തോടെയാണ് കേരളം കണ്ടത്. അബുദാബിയിൽ ജനിച്ചു വളർന്ന ഇവർക്ക് വിവിധ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവും ആകർഷണീയമായ പെരുമാറ്റവുമാണ് ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ സഹായമായത്. ഹിന്ദി, അറബിക്, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകൾ മികച്ചരീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉന്നതർ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ഇവരുടെ മൊഴിയിലൂടെ പുറത്തു വരുന്നത്.
advertisement
നയതന്ത്ര കാർഗോയിലൂടെ 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷിന്റെ പേര് പുറത്തു വരുന്നത്. സ്വർണക്കടത്ത് കേസിലും മറ്റ് ഇടപാടുകളിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിലേക്ക് അന്വേഷണങ്ങൾ നീങ്ങുമ്പോഴും ഉന്നതരുടെ പേരുകൾ ഇതിലേക്ക് എത്തുമെന്ന് ആരും കരുതിയിട്ടില്ല. സ്വപ്നയും എം. ശിവശങ്കറും തമ്മിലുള്ള ബന്ധം ഉന്നതരിലേക്ക് എത്തുന്നതിനും സ്വർണക്കടത്തിന് ഉൾപ്പടെ പരസ്പരം ഉപയോഗിക്കുകയുമായിരുന്നു എന്നാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയാറാക്കിയ രേഖയിലൂടെ പുറത്തു വരുന്നത്.
ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേർക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി രാവിലെയാണ് പുറത്ത് വന്നത്. ഹൈക്കോടതിയിൽ സമർപ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യു എ ഇ കോണ്‍സുൽ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുൽ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
