Dollar Smuggling Case| ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് തയാറാക്കിയ കത്തിൽ പറയുന്നു.
കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിക്കാനായി തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യു എ ഇ കോണ്‍സുൽ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുൽ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
advertisement
Also Read- വി.ടി.ബൽറാം, ഷാഫി പറമ്പില്‍ സിറ്റിംഗ് എംഎൽഎമാരെ നിലനിർത്തി പാലക്കാട്ടെ സാധ്യത പട്ടിക
ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അനധികൃതമായി ഡോളർ സംഘടിപ്പിച്ചതിന് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന പേരിലായിരുന്നു ചോദ്യം ചെയ്യൽ. ലൈഫ് മിഷനിലെ കോഴപ്പണമാണ് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. യു എ ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നൽകുന്നതിനായി വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണ കരാർ നേടിയെടുത്ത സന്തോഷ് ഈപ്പൻ കരിഞ്ചന്തയിൽ ഡോളർ വാങ്ങിയതായി സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു.
advertisement
കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസിൽ സ്വപ്ന, സരിത്, എം ശിവശങ്കർ, ഖാലിദ് എന്നിവരാണ് മുഖ്യ പ്രതികൾ. ഒരു ലക്ഷത്തി തെണ്ണൂറായിരം ഡോളർ വിദേശത്തേക്ക് കടത്താൻ ഖാലിദിന് ശിവശങ്കറിന്റെ സഹായം ലഭിച്ചുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
അതേസമയം, സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലുള്ളത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ പ്രസക്തമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. അന്വേഷണ ഏജൻസികൾ നടപടി എടുക്കാൻ വൈകിയത് ഗൗരവതരമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2021 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dollar Smuggling Case| ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി