തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചെന്നാരോപിച്ച് എൽഡിഎഫ് സ്ഥാനാർഥി കുടുംബത്തോടെ ബിജെപിയിൽ ചേർന്നു. വയനാട് പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന് എൽഡിഎഫിന്റെ സിപിഐ സ്ഥാനാർഥി ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാർഡിൽ മൂന്നാം സ്ഥാനത്തായിരുന്നു ഗോപി. 432 വോട്ടുനേടി കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനോദ് കാഞ്ഞൂക്കാരനാണ് ഈ വാർഡിൽ വിജയിച്ചത്. തന്നെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കിയ ശേഷം എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചു നൽകിയതിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു.
advertisement
393 വോട്ടുമായി ബിജെപി സ്ഥാനാർഥി സിജേഷ് കുട്ടനാണ് ആനപ്പാറ വാർഡിൽ രണ്ടാമതെത്തിയത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനായാണ് എൽഡിഎഫ് വോട്ടുകൾ കോൺഗ്രസിന് മറിച്ചു നൽകിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ചിലവുകൾ മുന്നണി വഹിക്കുമെന്ന് പറഞ്ഞതും പാലിക്കപ്പെട്ടില്ലെന്ന് ഗോപി പറയുന്നു. പരാതിപ്പെട്ടപ്പോൾ വിഷയം പരിഗണിക്കാമെന്ന് മാത്രം പറഞ്ഞ് നേതാക്കൾ കൈയ്യൊഴിയുകയായിരുന്നു എന്നും ഗോപി ആരോപിച്ചു.
ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അരുൺ, ഇ.കെ. സനൽകുമാർ, പി.ആർ. തൃദീപ്കുമാർ, പി.ആർ. സുഭാഷ്, സിജേഷ് ഇല്ലിക്കൽ, ദിനേശൻ കാപ്പിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ഗോപിയെയും കുടുംബത്തെയും ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.
