നൃത്തത്തിനു പിന്തുണ നൽകുന്നതിനൊപ്പം രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെയാണ് സത്യദീപം കടന്നാക്രമിക്കുന്നത്.
സഹവ൪ത്തിത്വത്തിന്റെ സന്തോഷം മതേതര കേരള൦ മറന്നു തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണെന്നും ഇതിന് ഉദാഹരണമാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തത്തിനു നേരെയുള്ള വിമർശനമെന്നു സത്യദീപം പറയുന്നു. മത തീവ്രവാദത്തിന്റെ വില്പന സാധ്യത ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും ഇതിന്റെ വില്പനക്കാർ രാഷ്ട്രീയ പാർട്ടികളാണെന്നും ലേഖനത്തിൽ പറയുന്നു. എല്ലാ പാർട്ടികളും അവരുടെ അടിത്തറ വിപുലമാക്കിയത് മതത്തെ കൂട്ടുപിടിച്ചുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന് ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ടെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.
advertisement
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യ വോട്ടുപിടുത്തം നടന്നു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന രീതിയിലായി പ്രചാരണം. മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീവ്ര ചിന്ത ക്രൈസ്തവരും പങ്കു വെയ്ക്കുന്നതായും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇത് അപകടകരമായ പ്രവണതയാണ്.
പി സി ജോർജിനെ പേര് പറയാതെ സത്യദീപം വിമർശിക്കുന്നു. ഹിന്ദു രാഷ്ട്ര പ്രഖ്യാപനം വേണമെന്ന രാഷ്ട്രീയ നേതാവിന്റെ പ്രസംഗം പടരുന്ന വിഷചിന്തയുടെ സൂചനയാണ്. ന്യൂനപക്ഷ അവകാശ ബോധവും അവകാശ പ്പോരാട്ടവും ഒരിക്കലും തെറ്റല്ല, പക്ഷേ, അതിന്റെ പേരിലുള്ള അപര വിദ്വേഷ പ്രചാരണം അംഗീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കുകൾ തീർക്കാനാകരുതെന്നും സത്യദീപം ഓർമ്മിപ്പിക്കുന്നു.
മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തത്തെ പിന്തുണയ്ക്കുക എന്നതിനപ്പുറം രാഷ്ട്രീയ പാർട്ടികളുടെ മത പ്രീണന നയത്തെയാണ് സത്യദീപം വിമർശിക്കുന്നത്.