സ്കൂൾ പിടിച്ചെടുക്കാൻ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തലകുത്തി വീണു. മറ്റുള്ളവർക്ക് കൊടുത്തത് കാത്തോലിക്കർക്കും കിട്ടണം. അവഗണന തിരിച്ചറിഞ്ഞു വോട്ട് ചെയ്യാൻ ഉള്ള ബോധം 50 ലക്ഷം വരുന്ന സഭാംഗങ്ങൾക്ക് ഉണ്ടെന്നും പിടിച്ചു വാങ്ങാൻ ഉള്ള ശക്തി കാത്തോലിക്കർക്ക് ഇല്ലെന്ന് ധരിക്കുന്നുവെങ്കിൽ തെറ്റിപ്പോയിയെന്നും റാഫേൽ തട്ടിൽ പറഞ്ഞു.
സമുദായത്തിന്റെ സംഭാവനകൾ നിങ്ങളാരും അംഗീകരിച്ചില്ലെങ്കിലും കേരള ചരിത്രം നിഷ്പക്ഷമായി എഴുതുന്നവർ അത് മറക്കില്ല. സാക്ഷരതയിൽ, ആരോഗ്യ മേഖലയിൽ, സാമൂഹ്യരംഗത്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയാണ്. അതുകഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. ഒരു കക്ഷിയും ഞങ്ങളെ പരിഗണിക്കുന്നില്ലെങ്കിൽ തിരിച്ചുകുത്താനുള്ള ബോധമുള്ളവരാണ് സമുദായംഗങ്ങളെന്നും അദ്ദേഹം പാലായിൽ പറഞ്ഞു.
advertisement
അനാവശ്യമായതോ അന്യായമായതോ ആയ കാര്യമല്ല ചോദിക്കുന്നത്. ധാരാളം പിന്നോക്കമായിട്ടുള്ളവർ അംഗങ്ങളായ സമുദായമാണ് ഞങ്ങളുടേത്. കർഷകർ എല്ലുമുറിയെ പണിയെടുത്തിട്ട് കാർഷിക ഉത്പന്നം വിൽക്കാൻ ചെല്ലുമ്പോൾ വില കിട്ടുന്നില്ല. ജനാധിപത്യ പരീക്ഷ ശാലയിലേക്ക് നാം അടുക്കുകയാണ്. ഒരു കക്ഷിക്ക് വോട്ട് ചെയ്യാൻ പറഞ്ഞ് സമർദനം ചെലുത്താറില്ല. പക്ഷേ, സമുദായത്തോട് കാണിക്കുന്ന അനീതി നിറഞ്ഞ അവഗണനയെ തിരിച്ചറിയാനും തിരിച്ചുകുത്താനുമുള്ള ബോധം സമുദായത്തിനുണ്ടെന്നും മാർ റാഫേല്‍ തട്ടിൽ പറഞ്ഞു.