ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാൽ 26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ തുടരേണ്ടി വരും എന്ന് പോലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
Also read-ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു
advertisement
സാധാരണ ഉച്ചപൂജയ്ക്കു ശേഷം മൂന്നു മണിക്കാണ് ശബരിമല നട തുറക്കുന്നത്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നതു വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കൽ ക്രമീകരണം ഏർപ്പെടുത്തുന്നത്. അതേസമയം, ശബരിമലയിൽ വീണ്ടും തീർത്ഥാടകരുടെ വൻ തിരക്ക്. സന്നിധാനത്ത് നിന്നും നീലിമല വരെ നീണ്ട വരിയാണ് ഇപ്പോഴുള്ളത്.
പമ്പയിൽ നിന്നും മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ പതിനെട്ടാം പടി കയറിയത് പോലീസിൻ്റെ കണക്കിൽ 100969 തീർത്ഥാടകരാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളിൽ നിന്നും തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്.