30-ാമത് IFFK നേരിടുന്ന അഭൂതപൂർവമായ പ്രതിസന്ധിയാണിതെന്നും ഈ നിഷേധങ്ങൾ ഇന്ത്യയിലെ സിനിമാ സെൻസർഷിപ്പിൻ്റെ സ്ഥിരതയില്ലായ്മയാണ് കാണിക്കുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. നിഷേധിക്കപ്പെട്ട സിനിമകളിൽ ചരിത്രപരമായ ക്ലാസിക്കുകളും മുൻപ് പുരസ്കാരം നേടിയ ചിത്രങ്ങളുമുണ്ടായിരുന്നു.
ഉദാഹരണത്തിന്, 2017-ലെ 22-ാമത് IFFK-യിൽ സുവർണ ചകോരം നേടിയ ചിത്രമാണ് വാജിബ് (Wajib). ഇതേ മേളയിൽ 2025-ൽ ഈ സിനിമ നിഷേധിക്കുന്നത് ഏകപക്ഷീയമായ തീരുമാനമെടുക്കലിനെ സൂചിപ്പിക്കുന്നു. അതുപോലെ, 2014-ൽ ഗോവയിൽ കേന്ദ്ര മന്ത്രാലയം നേരിട്ട് സംഘടിപ്പിച്ച IFFI-യിൽ പ്രദർശിപ്പിച്ച ടിംബക്ടു (Timbuktu) എന്ന ക്ലാസിക് നിലവാരമുള്ള ചിത്രത്തിനും ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുകയാണ്. 100 വർഷം പഴക്കമുള്ള ക്ലാസിക് ചിത്രമായ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ (Battleship Potemkin) ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രധാന പഠനവിഷയമായിരുന്നിട്ടും അതിൻ്റെ നിരോധനം സിനിമാപരമായ നിരക്ഷരതയെയാണ് സൂചിപ്പിക്കുന്നതെന്നും തരൂർ പറഞ്ഞു.
advertisement
വിഷയത്തിൽ വിദേശകാര്യ മന്ത്രിമാരുമായും വിവരാവകാശ പ്രക്ഷേപണ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഒഴിവാക്കലുകൾ പുനഃപരിശോധിക്കാൻ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും തരൂർ അറിയിച്ചു. നയതന്ത്രപരമായ സംവേദനക്ഷമതകളാണ് 'പലസ്തീൻ' വിഷയത്തിലുള്ള ചിത്രങ്ങൾ നിഷേധിക്കാൻ കാരണമെങ്കിൽ പോലും, "ഇസ്രായേലുമായുള്ള നമ്മുടെ ബന്ധം ഒരു സിനിമ പ്രദർശിപ്പിക്കുന്നതുകൊണ്ട് കാര്യമായി തകരാൻ സാധ്യതയില്ല." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. വിലക്കിയ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
