TRENDING:

ചികിത്സ തേടി 14 മണിക്കൂർ അലച്ചിൽ; മൂന്ന് ആശുപത്രികൾ പ്രവേശനം നിഷേധിച്ച ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു

Last Updated:

ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമായത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ചികിത്സ തേടി 14 മണിക്കൂർ അലഞ്ഞതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനിയായ ഇരുപതുകാരിയുടെ കുട്ടികളാണ് മരിച്ചത്. പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയ യുവതിക്ക് ചികിത്സ ലഭ്യമായത് വൈകിട്ട് ആറിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇതിനിടെ ചികിത്സ തേടി ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.
advertisement

എട്ടാം മാസത്തില്‍ കോവിഡ് സ്ഥിരീകരിച്ച യുവതി ഈ മാസം 15ന് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. നിശ്ചിത ദിവസം ക്വാറന്റീനും പൂർത്തിയാക്കി. വേദനയെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് മാത്രമാണ് ചികിത്സയുള്ളതെന്നും യുവതി കോവിഡ് നെഗറ്റീവ് ആയതിനാൽ ചികിത്സയ്ക്കു ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു നിലപാട്. ഒൻപതരയോടെ ഡിസ്ചാർജ് ചെയ്തെങ്കിലും റഫർ ചെയ്ത രേഖ ലഭിച്ചപ്പോൾ ‍ 11.30 ആയി.

advertisement

കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്കായിരുന്നു റഫർ ചെയ്തത്. അവിടെ എത്തിയപ്പോൾ ഒപി സമയം കഴിഞ്ഞിരുന്നു.

ഗൈനക് ഡോക്ടർ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ ഗൈനക് വിഭാഗം ഡോക്ടർ ഉണ്ടാവാൻ സാധ്യത ഇല്ലെന്നും മറ്റെവിടെയെങ്കിലും പോകുന്നതാവും നല്ലതെന്നും ആശുപത്രിയില്‍ നിന്ന് ഉപദേശം ലഭിച്ചു.

കോഴിക്കോട് ഓമശ്ശേരിയിലെ ശാന്തി ക്ലിനിക്കില്‍ അന്വേഷിച്ചപ്പോള്‍ ആന്റിജൻ പരിശോധന ഫലം പോരെന്നും ആര്‍ടിപിസിആര്‍ വേണമെന്നുമായിരുന്നു നിലപാട്. തുടർന്ന് പിസിആർ ടെസ്റ്റിനായി കോഴിക്കോട്ടെ സ്വകാര്യ ലാബിലെത്തി. ഫലം ലഭിക്കാൻ ചുരുങ്ങിയത് 24 മണിക്കൂർ വേണമെന്ന് അറിഞ്ഞു. പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായി. വീണ്ടും ആന്റിജൻ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടർന്ന് യുവതിയെ സ്കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. വൈകിട്ട് ആറോടെയാണ് യുവതിയെ മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ ഐഎംസിഎച്ചിലെത്തിച്ചത്.

advertisement

രക്തസ്രാവമുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇരട്ടക്കുട്ടികളെ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോവിഡ് മുക്തയായപ്പോള്‍ ലഭിച്ച ആന്റിജൻ പരിശോധനാഫലം പോരെന്നും പിസിആർ ഫലം തന്നെ വേണമെന്നും നിര്‍ബന്ധം പിടിച്ചതാണ് കുട്ടികളെ നഷ്ടപ്പെടാന്‍ കാരണമായതെന്ന് യുവതിയുടെ ഭര്‍ത്താവ് എന്‍ സി ഷരീഫ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

കോവിഡ് നെഗറ്റീവ് ആയ പൂർണഗർഭിണിക്ക് ചികിത്സ നിഷേധിച്ചത് മൂലം ഇരട്ടക്കുട്ടികൾ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെയും മഞ്ചേരി മെഡിക്കൽ കോളേജിന്റെയും വീഴ്ച പരിശോധിക്കും. ഉണ്ടായത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമായിരുന്നു. ആർ ടി പി സി ആർ തന്നെ വേണമെന്ന് ഒരു നിർദ്ദേശവും സർക്കാർ നൽകിയിട്ടില്ല. ഇത്തരം നടപടിയാവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ന്യൂസ് 18നോട് പറ‍ഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചികിത്സ തേടി 14 മണിക്കൂർ അലച്ചിൽ; മൂന്ന് ആശുപത്രികൾ പ്രവേശനം നിഷേധിച്ച ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories