ഉയർന്ന പ്രായം കണക്കിലെടുത്ത് മറ്റ് അവയവങ്ങൾ സ്വീകരിക്കുന്നതിന് പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, കാഴ്ചയില്ലാത്തവർക്കും പൊള്ളലേറ്റവർക്കും പുതുജീവൻ നൽകാനായി കണ്ണുകളും ചർമ്മവും ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് എന്നതിനാൽ മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അവയവദാനത്തിന് തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്ക് ടീമിൻ്റെ ഇടപെടൽ ഇത് സാധ്യമാക്കി.
അത്യാധുനിക സജ്ജീകരണങ്ങളുമായി ഡോക്ടർമാരുടെ ഒരു സംഘം നേരിട്ട് വീട്ടിലെത്തുകയും നാല് മണിക്കൂർ നീണ്ട പ്രക്രിയയിലൂടെ ചർമ്മം സ്വീകരിക്കുകയുമായിരുന്നു. ഡോ. പ്രേംലാലിൻ്റെ നേതൃത്വത്തിൽ ഡോ. ആഭ, ഡോ. അനുപമ, ഡോ. ആർഷ, ഡോ. ലിഷ എന്നിവരും നഴ്സിംഗ് ഓഫീസർമാരായ അശ്വതി, ഷീന ബാബു എന്നിവരും അടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്.
advertisement
ഈ മാതൃകാപരമായ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച ആനന്ദവല്ലി അമ്മാളിൻ്റെ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പ്രതിബന്ധങ്ങൾ മറികടന്ന് വീട്ടിലെത്തി ചർമ്മം സ്വീകരിച്ച സ്കിൻ ബാങ്ക് ടീമിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അവയവദാനത്തിൻ്റെ പ്രസക്തി വിളിച്ചോതുന്ന ഈ സംഭവം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.
