സംസ്ഥാനത്തെ മികച്ച കളക്ടറേറ്റായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ഭരണനിർവ്വഹണമികവിനൊപ്പം കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിൻ്റെ വിവിധ മേഖലകളിലെ മികച്ച ഇടപെടലുകൾ കൂടിയാണ്. കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാർക്കുമായി ഈ അവാർഡ് സമർപ്പിക്കുകയാണെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. തലസ്ഥാനജില്ല എന്നതിനാലുണ്ടാകുന്ന ഒട്ടേറെ ജോലിതിരക്കുകൾക്കിടയിലും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനാകുന്നത് സമയകാലവ്യത്യാസമില്ലാതെ അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ പൂർണ്ണമായ പിന്തുണ കൊണ്ടാണെന്നും കളക്ടർ പറഞ്ഞു.
ജില്ലയിലെ വിവിധ വിഭാഗം ജനങ്ങളുടെ സാമൂഹിക സംസ്‌കാരിക സാമ്പത്തിക ഉന്നമനത്തിനായി പതിനഞ്ചോളം നൂതന പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്നത്. ജീവനക്കാരിൽ തൊണ്ണൂറുശതമാനം പേരും പങ്കാളികളായ അവയവദാന പദ്ധതി ജീവൻദാനം അതിലേറെ പ്രധാനമാണ്. ഭൂഗർഭജല റീചാർജ്ജിംഗ് പദ്ധതിയായ ജലശ്രീ മുഖേന ജില്ലയിലെ ആറു ബ്ലോക്കുകളിലായി 112 ഇടങ്ങളിലാണ് റീചാർജ്ജിംഗ് പൂർത്തിയാക്കിയത്.
advertisement
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തീകരിക്കുന്ന പ്രോജക്ട് എറൈസ് - സൂപ്പർ 100, കൗമാരക്കാർക്കിടയിൽ പോസിറ്റീവായ മനോഭാവം വളർത്തിയെടുക്കുന്ന തരത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രോജക്ട് എക്സ്, യുവാക്കളിലെ സമ്മർദ്ദം, ഉത്കണ്ഠ, അക്കാദമിക് സമ്മർദ്ദം, സോഷ്യൽ മീഡിയ സ്വാധീനം, വൈകാരിക ഒറ്റപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം നൽകുന്ന അൺഫിൽറ്റേഡ്, പൊതുജനങ്ങളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് അകറ്റി പൊതുഇട കേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെ സന്തോഷകരമായ നഗരജീവിതം ഉറപ്പാക്കുന്ന ഹാപ്പി ട്രിവാൻഡ്രം, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് ക്രിസ്മസിനും ന്യൂ ഇയറിനും സമ്മാനങ്ങളടക്കം ലഭ്യമാക്കുന്ന പ്രോജക്ട് പുഞ്ചിരി, ജില്ലാ ഭരണകൂടവുമായി വിദ്യാർഥികളെ ബന്ധിപ്പിക്കുന്ന കളക്ടേഴ്സ് ക്യാമ്പസ് കണക്ട്, ഓക്‌സിജൻ പാർക്കുകൾ തുടങ്ങിയവ അവയിൽ ചിലതാണ്.
