മാർത്താണ്ഡവർമ്മ രാജാവിന് ദ്രവ്യങ്ങള്‍ കാണിക്കവച്ച സ്ഥലമായതിനാല്‍ ഇവിടം ദ്രവ്യപാറ എന്നറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 170 അടി ഉയരം. മുകള്‍പ്പരപ്പിന് മൂന്ന് ഏക്കര്‍ വിസ്തൃതി. അവിടെ ഗുഹയും കുളവും സമതലങ്ങളും കാട്ടുമരങ്ങളും കാട്ടുപുല്ലുകളും നിറഞ്ഞ മുകൾപ്പരപ്പ്. ഇവിടേക്ക് എത്താൻ 72 കൽപ്പടവുകൾ ഉണ്ട്.
1721-കളില്‍ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷപ്പെട്ട് ആര്യന്‍കോടിലെ 61 ബ്രാഹ്മണ കുടുംബങ്ങളിലെ ഒരു വീട്ടില്‍ അഭയം തേടി. ഈ വിവരമറിഞ്ഞെത്തിയ എട്ടുവീട്ടില്‍ പിള്ളമാരും പടയാളികളും കീഴാറൂരില്‍ എത്തുമ്പോഴേക്കും മാര്‍ത്താണ്ഡവര്‍മ്മ വെള്ളറട വഴി അമ്പൂരിയിലേക്ക് പാലായനം ചെയ്തിരുന്നു. അന്ന് നിബിഡ വനപ്രദേശമായിരുന്ന അമ്പൂരിയിലെ നിവാസികള്‍ ആദിവാസികള്‍ മാത്രമായിരുന്നു.
advertisement
എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മയെ സുരക്ഷിതമായി ഒളിപ്പിക്കാന്‍ ആദിവാസികള്‍ തെരഞ്ഞെടുത്തത് ദ്രവ്യപാറയിലെ ഈ ഗുഹയായിരുന്നു. ഇതിനു വേണ്ടി തിടുക്കത്തില്‍ പണിത പടവുകളാണ് ഇവിടെ കാണുന്ന 72 കല്‍പടികള്‍. പഴയ കാലത്തിൻ്റെ ശേഷപ്പുകളായ ചില ശിലാലിപികളും ഇവിടെ പാറപ്പുറത്ത് അവശേഷിക്കുന്നതായി പറയപ്പെടുന്നു.