പ്രകൃതിഭംഗി തുളുമ്പുന്ന ഈ ഗ്രാമപ്രദേശത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് ടൂറിസം വകുപ്പ് 1.36 കോടി രൂപ വിനിയോഗിച്ചാണ് വിവിധ നിർമ്മാണ പ്രവൃത്തികൾ പുരോഗമിപ്പിക്കുന്നത്.
ദിവസേന നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം വരും നാളുകളിൽ നെയ്യാറ്റിൻകരയുടെ ടൂറിസം മുഖഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി പുഴയ്ക്ക് നടുവിലെ ദ്വീപിലേക്ക് പ്രവേശിക്കുന്നതിനായുള്ള അയൺ ബ്രിഡ്ജിൻ്റെ നിർമ്മാണവും പ്രദേശത്തെ റോഡുകളുടെ നവീകരണവുമാണ് പ്രധാനമായും നടപ്പിലാക്കുന്നത്.
advertisement
സഞ്ചാരികൾക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ ഈരാറ്റിൻപുറം ഒരു മികച്ച വീക്കെൻഡ് ഡെസ്റ്റിനേഷനായി മാറും. നിലവിൽ നടന്നുവരുന്ന പ്രവൃത്തികൾ പൂർണ്ണതയിൽ എത്തുന്നതോടെ ഈ കൊച്ചു ഗ്രാമപ്രദേശം പകിട്ടോടെ ടൂറിസം ഭൂപടത്തിൽ തിളങ്ങും. പ്രാദേശികമായ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും നെയ്യാറ്റിൻകരയുടെ വികസനത്തിന് പുതിയ ഊർജ്ജം പകരാനും ഈ ടൂറിസം പദ്ധതി സഹായിക്കുമെന്നത് ഉറപ്പാണ്.
