വാസ്തുവിദ്യയുടെയും തച്ചുശാസ്ത്രത്തിൻ്റെയും മനോഹരമായ കാഴ്ചകളാണ് ക്ഷേത്രത്തിലുടനീളം കാണാൻ സാധിക്കുന്നത്. നാലമ്പലത്തിൻ്റെ ചുവരുകളിൽ ദേവിയുടെ ഇരുപത് വ്യത്യസ്ത രൂപങ്ങളും ദേവീഭാഗവത കഥകളും മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നാല് പ്രവേശന കവാടങ്ങളും പാറയിൽ കൊത്തിയെടുത്തവയാണ്. വടക്കേ നടയിലെ ബാലിക്കല്ലിൻ്റെ മേൽക്കൂരയിൽ കാണപ്പെടുന്ന, അഞ്ച് സിംഹങ്ങൾ വലിക്കുന്ന ഗണപതിയുടെ രഥത്തിൽ ഇരിക്കുന്ന ദേവിയുടെ ശില്പം ഭാരതത്തിൽ തന്നെ അപൂർവമായ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രധാന പ്രതിഷ്ഠയായ രാജരാജേശ്വരിക്ക് പുറമെ ഗണപതി, ഹനുമാൻ സ്വാമി, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ എന്നിവർക്കായി പ്രത്യേക ആരാധനാലയങ്ങൾ ഇവിടെയുണ്ട്.
advertisement
താമരയുടെ ആകൃതിയിലുള്ള പീഠത്തിൽ ഭൈരവനായി ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. ഭക്തർക്ക് ധ്യാനിക്കാനായി പ്രത്യേകം തയ്യാറാക്കിയ 'ഉലകനായകി' എന്നറിയപ്പെടുന്ന സ്ഥലത്ത് ദേവിയുടെ ദിവ്യമായ കാൽപ്പാടുകൾ കാണാം. ഇവിടെയിരുന്ന് ധ്യാനിക്കുന്നത് ഭക്തരുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് 'പ്രശ്ന പരിഹാര യജ്ഞം'. എല്ലാ ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലും നടക്കുന്ന ഈ പ്രത്യേക പൂജ ഭക്തരുടെ ദുഃഖങ്ങൾ അകറ്റുന്നതിനായി സമർപ്പിക്കപ്പെടുന്നു. കൂടാതെ നിത്യേനയുള്ള പൊങ്കാല സമർപ്പണവും ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം പത്തുദിവസത്തെ അശ്വതി പൊങ്കാല മഹോത്സവം ആണ്. ഗണപതിഹോമം, ഭഗവതി സേവ, സുമംഗലി പൂജ, പൗർണമി പൂജ എന്നിവയും ക്ഷേത്രത്തിൽ ഭക്തിപൂർവ്വം നടത്തിവരുന്നു. താന്ത്രിക വിദ്യയും ഭക്തിയും ഒത്തുചേരുന്ന ഈ മഹാക്ഷേത്രം ഭക്തർക്ക് എന്നും ഒരു അനുഗ്രഹ കേന്ദ്രമാണ്.
