ഹരിഹര ഭേദമില്ലാതെ മഹാവിഷ്ണുവിനും മഹാദേവനും തുല്യപ്രാധാന്യത്തോടെ രണ്ട് ശ്രീകോവിലുകൾ ഇവിടെയുണ്ട് എന്നത് ഈ ക്ഷേത്രത്തിൻ്റെ വലിയ സവിശേഷതയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ ക്ഷേത്രം ചരിത്രപ്രസിദ്ധവും പഴമയുടെ പ്രൗഢി വിളിച്ചോതുന്നതുമാണ്. വൈഷ്ണവ-ശൈവ ചൈതന്യങ്ങൾ ഒരുപോലെ കുടികൊള്ളുന്ന ഇവിടെ എല്ലാ പ്രധാന വിശേഷദിവസങ്ങളും അതിൻ്റേതായ ആചാരപരമായ ചിട്ടകളോടെ ആഘോഷിക്കപ്പെടുന്നു.
ചിങ്ങമാസത്തിലെ തിരുവോണം, അഷ്ടമിരോഹിണി, വിനായക ചതുർത്ഥി, കന്നിയിലെ പൂജവയ്പ്പും വിദ്യാരംഭവും, തുലാമാസത്തിലെ ആയില്യം പൂജ, വൃശ്ചികം ഒന്നുമുതൽ ആരംഭിക്കുന്ന മണ്ഡലകാല മഹോത്സവം എന്നിവ ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങളാണ്. കൂടാതെ കർക്കിടക മാസത്തിലെ രാമായണ പാരായണം, വൈശാഖ മാസത്തിലെ നരസിംഹ ജയന്തി, മേടമാസത്തിലെ വിഷു, പത്താമുദയം, മകരസംക്രാന്തി, ഏകാദശി എന്നിവയും ഭക്തിനിർഭരമായി നടക്കുന്നു.
advertisement
ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ഭാഗവത സപ്താഹവും നാടിൻ്റെ നാനാഭാഗത്തുനിന്നും ഭക്തരെ ആകർഷിക്കുന്നവയാണ്. മഹാദേവൻ്റെയും മഹാവിഷ്ണുവിൻ്റെയും സാന്നിധ്യം ഒരേപോലെ ഉള്ളതിനാൽ കർക്കിടക വാവ് ബലിതർപ്പണത്തിന് തെക്കൻ കേരളത്തിലെ തന്നെ വളരെ വിശേഷപ്പെട്ട കേന്ദ്രമായി ഈ ക്ഷേത്രം അറിയപ്പെടുന്നു.
പുഴയുടെ സാമീപ്യവും ബലിതർപ്പണത്തിനായി ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ള വിപുലമായ സൗകര്യങ്ങളും കാരണം ആയിരക്കണക്കിന് ഭക്തരാണ് പിതൃപുണ്യം തേടി ഇവിടെ എത്തുന്നത്. ചരിത്രത്താളുകളിൽ ഇടം നേടിയ പരശുവയ്ക്കൽ തെക്കുംകര ശ്രീമഹാവിഷ്ണു ക്ഷേത്രം ഇന്ന് ആത്മീയതയുടെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ഉജ്ജ്വല കേന്ദ്രമായി നിലകൊള്ളുന്നു.
