ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് പഴമക്കാരുടെ അവകാശവാദം. അതിമനോഹരമായ നിർമിതിയാണ് ഈ ക്ഷേത്രത്തിൻ്റേത് എന്ന് പറയാതിരിക്കാൻ വയ്യ. വടക്കോട്ട് ദർശനമായിട്ടാണ് ഗാന്ധാരിയമ്മൻ വിഗ്രഹം ഇരിക്കുന്നത്. സംഗീത പ്രിയയായ ദേവിയായതിനാലാണ് ഗാന്ധാരി എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഗാന്ധാര ദേശത്ത് നിന്നും വന്ന കൊത്തുപണിക്കാരില്‍ ചിലര്‍ താമസിച്ചത് ഈ ക്ഷേത്രത്തിനടുത്തായതുകൊണ്ട് ആണ് ക്ഷേത്രത്തിന്‍റെ പേര് ഗാന്ധാരി അമ്മന്‍ എന്നായത് എന്നും പറയുന്നു.
advertisement
ഗാന്ധാരി അമ്മൻ കോവിൽ
തമിഴ് ശൈലിയിലുള്ള ക്ഷേത്രനിർമ്മിതിയും അതിമനോഹരമായ ഗോപുരവും ഒക്കെ വിശ്വാസികളെ മാത്രമല്ല ഇതുവഴി യാത്ര ചെയ്യുന്നവരായ ഏതൊരു വ്യക്തിയെയും ആകർഷിക്കുന്ന വിധത്തിലാണ്. കാലഭൈരവ പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് ഗാന്ധാരി അമ്മൻ കോവിൽ.
ഇവിടുത്തെ ചിത്ര പൗർണമി ഉത്സവം വളരെ പ്രശസ്തമാണ്. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും രാഹുകാല പൂജയും ക്ഷേത്രത്തിൽ നടന്നുവരുന്നുണ്ട്. ഉമാമഹേശ്വര പൂജയും സ്വയംവര പുഷ്പാഞ്ജലിയും ഇവിടെ നേര്‍ച്ചയായി നടത്തി വരുന്നു. വൃഷ്ചികമാസത്തില്‍ 41 ദിവസം വരെ ചിറപ്പ് മഹോത്സവം ഉണ്ട്. ഗണപതിയെയും നാഗ ദൈവങ്ങളെയും മറ്റ് ഉപദേവതകളെയും ഇവിടെ ആരാധിച്ചു വരുന്നു.