ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കോവളത്തെ പ്രധാന ആകർഷണമായിരുന്ന ഈ സംവിധാനം, ഹോട്ടൽ-റിസോർട്ട് ഉടമകളുടെ കൂട്ടായ്മയായ കെ.ടി.പി.ഡി.സിയുടെ നേതൃത്വത്തിലാണ് തിരികെ എത്തിയിരിക്കുന്നത്. പോർട്ട് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ രാത്രി 7 മണി മുതൽ 11.30 വരെയാണ് ലൈറ്റ് ഹൗസ് ബീച്ചിൽ സഞ്ചാരികൾക്ക് കടൽത്തീരത്തെ ഭക്ഷണാനുഭവം ആസ്വദിക്കാനാവുക.
കോവളത്തെ നൈറ്റ് ലൈഫ് സജീവമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ തത്സമയ സംഗീത പരിപാടികൾ, ക്യാമ്പ് ഫയറുകൾ, ബീച്ച് ഗെയിമുകൾ എന്നിവയും ഇവിടെ ഒരുക്കാൻ സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. ശുചിത്വത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് റെസ്റ്റോറൻ്റ് ഉടമകൾ സ്വീകരിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ബീച്ച് വൃത്തിയാക്കുമെന്ന് ഇവർ ഉറപ്പ് നൽകുന്നു. നേരത്തെ ബീച്ചിലെ തെരുവ് വിളക്കുകൾ കണ്ണടഞ്ഞത് വലിയ പ്രതിസന്ധിയായിരുന്നുവെങ്കിലും, ടൂറിസം മേഖലയിലുള്ളവർ സ്വന്തം നിലയിൽ അവ നന്നാക്കി വെളിച്ചം ഉറപ്പാക്കിയിട്ടുണ്ട്.
advertisement
എന്നാൽ കോവളത്തിൻ്റെ സമഗ്ര വികസനത്തിനായി സർക്കാർ പ്രഖ്യാപിച്ച 95 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ വൈകുന്നത് വിനോദസഞ്ചാര മേഖലയിൽ ഇപ്പോഴും ആശങ്ക നിലനിർത്തുന്നുണ്ട്. എങ്കിലും ബീച്ച് ഡൈനിംഗ് മടങ്ങിയെത്തിയത് വരാനിരിക്കുന്ന സീസണിൽ കോവളത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം ലോകം.
