ടെക്നോപാർക്കിൽ നടന്ന ചർച്ചയിൽ കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ പ്രമോജ് ശങ്കർ പി.എസ്. (IOFS) ജീവനക്കാരുടെ നിർദ്ദേശങ്ങൾക്കും പരാതികൾക്കും മറുപടി നൽകി. വിവിധ ഐടി കമ്പനികളിൽ നിന്നുള്ള അറുപതിലധികം ജീവനക്കാർ പങ്കെടുത്ത ചർച്ചയിൽ ടെക്നോപാർക്കിലേക്കുള്ള ബസ് സർവീസുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ഗൗരവമായി ഉന്നയിക്കപ്പെട്ടു.
പ്രധാനമായും ടെക്നോപാർക്കിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ്, സമയക്രമത്തിലെ അപാകതകൾ, പള്ളിപ്പുറം ടെക്നോപാർക്ക് ഫേസ് 4, കിൻഫ്രാ പാർക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ദുരിതം എന്നിവ പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണൻ, വിഷ്ണു രാജേന്ദ്രൻ, ജയകൃഷ്ണ ആർ, ബിസ്മിത, അരുൺ ദാസ്, അരുൺ കേശവൻ എന്നിവർ സിഎംഡിക്ക് മുന്നിൽ അവതരിപ്പിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ തുടങ്ങിയ വിവിധ ഡിപ്പോകളിൽ നിന്ന് ടെക്നോപാർക്കിലേക്ക് ഉടൻ പുതിയ റൂട്ടുകൾ ആരംഭിക്കുമെന്ന് എംഡി ഉറപ്പ് നൽകി. കൂടാതെ കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളിൽ ചിലത് ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
advertisement
രാത്രികാലങ്ങളിൽ ബൈപാസ് വഴി കൂടുതൽ സർവീസുകൾ നടത്താനും, ബുക്കിങ് വേഗത്തിൽ പൂർത്തിയാകുന്ന റൂട്ടുകളിൽ അഡീഷണൽ ബസ്സുകൾ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. കെ.എസ്.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ, ഐടി വിഭാഗത്തിൽ നിന്നുള്ള നിഷാന്ത്, വിവിധ ഡിപ്പോകളിലെ എ.ടി.ഒ. മാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ടെക്കികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ തീരുമാനങ്ങളാണ് കെ.എസ്.ആർ.ടി.സി.യുടെ ഭാഗത്തുനിന്നുണ്ടായത്.
