ജനവാസമേഖലയായതിനാൽ പരിസരങ്ങളിൽ ധാരാളം വീടുകളുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി മുള കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും ചെറിയൊരു നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. അടുത്തുള്ള നടപ്പാതയിലൂടെ നടന്നാൽ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുന്നവരും ധാരാളമാണ്. വലിയ അപകടങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാകണം യുവാക്കൾ കൂട്ടമായി വെള്ളച്ചാട്ടത്തിൽ ഇറങ്ങാറുണ്ട്. വിനോദസഞ്ചാരകേന്ദ്രം എന്നതിനുപരി ചരിത്രപ്രാധാന്യമുള്ള ഇടംകൂടിയാണ് മീൻമുട്ടി. കിളിമാനൂർ അടയമൺ സന്ദർശിച്ച ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിനുസമീപം ധ്യാനനിരതനായി എന്നും, തന്നെ കാണാനെത്തിയ ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചു എന്നും പറയപ്പെടുന്നു.ഗുരു ദളിതരെ ഊട്ടിയ സ്ഥലമായതിനാൽ'ഇരുന്നൂട്ടി' എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. തൊട്ടടുത്ത് ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രദർശനത്തിനെത്തി വെള്ളച്ചാട്ടവും കണ്ട് മടങ്ങുന്നവരും കുറവല്ല.
advertisement
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന്റെ പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ എത്തുന്ന വെള്ളച്ചാട്ടത്തെ തടഞ്ഞുനിർത്തുന്നത് പോലെ ശിഖരങ്ങളോടുകൂടിയ വലിയൊരു ആൽ മരം കാണാം. വെയിലേക്കാതെ ഇവിടം സംരക്ഷിക്കുന്നതിൽ ഈ ആൽമരത്തിന് വലിയ പങ്കുണ്ട്. ഇവിടെ എത്തുന്നതിൽ കൂടുതലും യുവാക്കളാണ്. എന്നാൽ, വൈകുന്നേരങ്ങളിൽ കുടുംബവുമായി എത്തുന്നവരും കുറവല്ല.വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താം. പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.