വനദുർഗ്ഗാ സങ്കല്പത്തിൽ ഭഗവതിയെ ആരാധിക്കുന്ന ഈ ക്ഷേത്രം ഗിരിവര്‍ഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്. കാണിവിഭാഗക്കാർ പൂജകൾ നടത്തുന്ന ഈ ക്ഷേത്രത്തിൽ, ദ്രാവിഡ ആചാരങ്ങളാണ് പൂജകൾക്കും പ്രാർത്ഥനകൾക്കുമായി പിന്തുടരുന്നത്. പ്രത്യേക മന്ത്രങ്ങളോ തന്ത്രങ്ങളോ ഒന്നുമില്ലാതെ ഗൗളി മന്ത്രം മാത്രം ആരാധനയായി ഇവിടുത്തെ ദേവി സ്വീകരിക്കുമെന്നതാണ് വിശ്വാസം.
വിശ്വസിച്ച് പ്രാർത്ഥിക്കുന്നവർക്ക് എന്തും നല്കുന്ന അമ്മയാണ് വേങ്കമല ഭഗവതി എന്നാണ് പുരാണം. ശാന്തരൂപത്തിൽ വാഴുന്ന ദേവിയും ഉഗ്രരൂപം പൂണ്ട കരിങ്കാളിമൂർത്തിയും ഒരുമിച്ച് അഭിമുഖമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം കൂടിയാണിത്.
advertisement
കേരളത്തിൽ ഇസ്ലാം മത വിശ്വാസികൾക്ക് ക്ഷേത്രത്തിനുള്ളില്‍ നിസ്കരിക്കുവാൻ സാധിക്കുന്ന ക്ഷേത്രം എന്നതാണ് വേങ്കമല ഭഗവതി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഇവിടുത്തെ കാരണവ പ്രതിഷ്ഠയായ മുത്തന്‍റെ അമ്പലത്തിനു മുന്നിലാണ് നിസ്കരിക്കുവാനുള്ള സൗകര്യമുള്ളത്.
മാത്രമല്ല, ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ പൊങ്കാലയുടെ സമയത്ത് ഇവിടെയെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കായി അടുത്തുളള മരുതുംമൂട്ടിലുള്ള മുസ്ലീം പള്ളിയുടെ മുന്നിൽ പൊങ്കാല ഇടുവാനുള്ള സൗകര്യങ്ങൾ പള്ളി ഭാരവാഹികൾ എല്ലാ വർഷവും ചെയ്തു നല്കുന്നുണ്ട്.
മതങ്ങളും വിശ്വാസങ്ങളും മനുഷ്യരെ അകറ്റുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന കാലത്തു പരസ്പരം ബഹുമാനത്തിലും സ്നേഹത്തിലും കഴിയുന്ന ഈ സഹോദരവിശ്വാസങ്ങളുടെ ദ്യശ്യം നമ്മുക്കു ഓരോർത്തർക്കും മാത്യകയും ഓർമപ്പെടുത്തലുമാണ്.