മുതലപ്പൊഴി
തിരുവനന്തപുരം ജില്ലയിലെ കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് മുതലപ്പൊഴി. മാധ്യമ വാർത്തകളിൽ എപ്പോഴും മുതലപ്പൊഴി അത്യധികം അപകടം നിറഞ്ഞ ഒരു ഇടമായാണ് പറയപ്പെടുന്നത്. എന്നാൽ മനോഹരമായ കടൽക്കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഒരിടമാണ് മുതലപ്പൊഴി. അപകടകരമായ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ ഈ യാത്ര തീർച്ചയായും നിങ്ങൾക്ക് ആസ്വദിക്കാനാകും.
കൂടാതെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മുതലപ്പൊഴി ഫിഷിങ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുകയുണ്ടായി. വികയന പ്രവർത്തനങ്ങൾ പൂർത്തി ആകുന്നതോടുകൂടി മുതലപ്പൊഴി കൂടുതൽ സുരക്ഷിതമാകും.
advertisement
തിരുവനന്തപുരം, ചിറയിൻകീഴ് മണ്ഡലത്തിലാണ് കടലും കായലും ചേരുന്ന അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന മുതലപ്പൊഴിയുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇവിടെ മുതലകൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ജലാശയത്തിലെ മുതലകൾ ആളുകളെ ആക്രമിക്കുമായിരുന്നത്രേ.
പെരുമാതുറ പാലത്തിനു മുകളിൽ നിന്നാലും മുതലപ്പൊഴിയുടെ ദൂര ദൃശ്യങ്ങൾ ആസ്വദിക്കാനാകും. വൈകുന്നേരങ്ങളിലാണ് ഇവിടെ തിരക്കേറുന്നത്. കടൽ മത്സ്യങ്ങളും മറ്റ് കടൽ വിഭവങ്ങളും ഒക്കെ വാങ്ങാൻ കഴിയും എന്നതും ഈ സ്ഥലത്തിൻ്റെ പ്രത്യേകതയാണ്. അധികം വലിയ കടൽത്തീരം അല്ല മുതലപ്പൊഴി. എന്നിരുന്നാലും കാഴ്ചക്കാരനെ നിരാശനാക്കാത്ത വിധം സൗന്ദര്യം മുതലപ്പൊഴിക്ക് ഉണ്ട്.