650 കേഡറ്റുകൾക്ക് സൗകര്യപ്രദമായ ഡൈനിംഗ് ഹാൾ, ആധുനിക ക്ലാസ് റൂമുകൾ, കോൺഫറൻസ് ഹാൾ, കിച്ചൺ സ്റ്റോർ, മെഡിക്കൽ റൂം എന്നിവയാണ് ഈ ഘട്ടത്തിൽ പ്രധാനമായും നിർമ്മിക്കുന്നത്. രണ്ട് കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഇതിൻ്റെ ഭാഗമായുള്ള പരേഡ് ഗ്രൗണ്ടും ഹെലിപാഡും അടുത്ത മാസത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും.
പദ്ധതിയുടെ ഏറ്റവും വലിയ ഭാഗമായ മൂന്നാം ഘട്ടത്തിനായി 24 കോടി രൂപയുടെ ഡി.പി.ആർ. പൊതുമരാമത്ത് വകുപ്പ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. നബാർഡ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ ഘട്ടത്തിൻ്റെ ഡിസൈൻ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 10-നകം നബാർഡിന് സമർപ്പിക്കാൻ ജില്ലാ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
advertisement
റവന്യൂ വകുപ്പ് സൗജന്യമായി വിട്ടുനൽകിയ 8.5 ഏക്കർ സ്ഥലത്താണ് ദേശീയ നിലവാരത്തിലുള്ള ഈ പരിശീലന കേന്ദ്രം ഒരുങ്ങുന്നത്. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേഡറ്റുകൾക്കും ഇവിടെ പരിശീലനം നൽകാനാകും. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരേസമയം 750 പേരെ വരെ താമസിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. പദ്ധതി പൂർത്തിയാകുന്നതോടെ കല്ലറയുടെയും പരിസരപ്രദേശങ്ങളുടെയും സാമൂഹിക-സാമ്പത്തിക രംഗത്ത് വൻ വികസന കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
