കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇതിലും അടിപൊളി ഒരിടം വേറെയുണ്ടോ എന്ന് ചിന്തിച്ചു പോകുന്ന അത്രയും മനോഹരമായ അന്തരീക്ഷം. ടൂറിസത്തിൻ്റെ സാധ്യതകൾ വികസിക്കാത്തതിൻ്റെ പരിമിതി ഒഴിവാക്കിയാൽ കുടുംബത്തോടൊപ്പം ചെലവിടാൻ പറ്റിയ ഇടം കൂടിയാണ് നെല്ലേറ്റിൽ കടവ്. തിരുവനന്തപുരം ജില്ലയുടെ ഭാഗമായുള്ള ഇലകമൺ ഗ്രാമപഞ്ചായത്തിൻ്റെ അതിർത്തിയോട് ചേർന്ന് ഇടവ - നടയറ കായലിലാണ് നെല്ലേറ്റിൽ കടവ് സ്ഥിതി ചെയ്യുന്നത്. കായലിൻ്റെ അപ്പുറം കാപ്പിൽ കടവാണ്.
കടവിൻ്റെ ഇരുവശവും ബോട്ടു ജെട്ടികൾ ഉണ്ടെന്നതിനാൽ തന്നെ ബോട്ടിങ്ങിന് പറ്റിയ സ്ഥലമാണ്. എന്നാൽ ഇവിടെ ബോട്ടിംഗ് ക്ലബ്ബുകൾ ഇല്ലാത്തതിനാൽ കാപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാത്രമാണ് ഇവിടെ എത്തുന്നത്. അതേസമയം കടത്ത് വള്ളങ്ങളിലുള്ള യാത്ര ഇതിലൂടെ നടത്താനാകും. ദേശീയ ജലപാത വികസനം പൂർത്തിയാക്കുന്നതോടുകൂടി ടൂറിസം സാധ്യതകൾ ഇവിടെ വികസിക്കും എന്ന് പ്രതീക്ഷിക്കുന്നവർ ധാരാളമാണ്. വർക്കലയിലെ തീരദേശ ഭംഗിയോട് കിടപിടിക്കുന്ന കായൽ സൗന്ദര്യം ആണ് നെല്ലേറ്റിൽ കടവിനുള്ളത്. അതിനാൽ തന്നെ ഇങ്ങോട്ട് യാത്ര തിരിക്കുന്നവർ നിരാശരാകേണ്ടി വരില്ല. ടൂറിസം വികസനത്തിൻ്റെ പരിമിതികൾ മാത്രം മുന്നിൽ കണ്ടാൽ മതി.
advertisement