1982-ൽ ഒരു ആയുർവേദ ഡിസ്പെൻസറിയായി പ്രവർത്തനമാരംഭിച്ച കിഴിവിലം ആയുർവേദ ആശുപത്രി, 1985-ഓടെ കിടത്തിച്ചികിത്സാ സൗകര്യങ്ങളോടുകൂടിയ മെച്ചപ്പെട്ട ആശുപത്രിയായി ഉയർത്തപ്പെടുകയായിരുന്നു. കാലപ്പഴക്കവും സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ഒരു പുതിയ കെട്ടിടം അനിവാര്യമായിരുന്ന സാഹചര്യത്തിലാണ് കിഴുവിലം ഗ്രാമപഞ്ചായത്തും സർക്കാരും ചേർന്ന് ഈ വലിയ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ, വിശാലമായ രോഗിമുറികൾ, ആധുനിക ചികിത്സാ ഉപകരണങ്ങൾ, ശുചിത്വമുള്ള ചുറ്റുപാട് എന്നിവയെല്ലാം പുതിയ കെട്ടിടത്തിൻ്റെ പ്രത്യേകതകളാണ്. ഇത് കൂടുതൽ പേരിലേക്ക് ആയുർവേദ ചികിത്സ എത്തിക്കാനും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
advertisement
ഉദ്ഘാടനച്ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ, നാട്ടുകാർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.