ഈയൊരു ചോദ്യത്തിൽ നിന്നാകണം കല്ലടിമുഖം വൃദ്ധസദനത്തിൽ ഇത്തവണയും ഓണാഘോഷം കൊണ്ടാടാൻ ജനപ്രതിനിധികൾ ഉൾപ്പെടെ എത്തിയത്. പതിവുകൾ തെറ്റിക്കാതെ ഈ വൃദ്ധസദനത്തിൽ അച്ഛനമ്മമാരെ തേടി ചിലരെത്തി. അവർ പോറ്റി വളർത്തിയ മക്കൾ അല്ല. പകരം കർമ്മം കൊണ്ട് അവർക്ക് മക്കളായി തീർന്ന ചില നന്മ വറ്റാത്ത മനുഷ്യർ.
പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ പ്രായമായ നിരവധി ആളുകൾ ഉള്ള ഈ വൃദ്ധസദനത്തിൽ ഇത്തവണയും പതിവു തെറ്റാതെ ഓണക്കോടിയും ഓണസദ്യയുമായി എത്തിയ ജനപ്രതിനിധിയാണ് വി കെ പ്രശാന്ത് എംഎൽഎ. മുൻപ് തിരുവനന്തപുരം നഗരസഭയുടെ മേയർ ആയിരിക്കേ തുടങ്ങിയ ബന്ധമാണ് കല്ലടിമുഖം വൃദ്ധസദനത്തോട്. ഇവിടത്തെ അന്തേവാസികളിൽ പലരെയും പേരെടുത്ത് കൃത്യമായി അറിയാം വി കെ പ്രശാന്തിന്.
advertisement
ഇക്കുറി അന്തേവാസികൾക്ക് ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയുമാണ് ഒരുക്കിയത്. ഒരുപാട് സുമനസ്സുകളുടെ സഹായം കൂടിയായപ്പോൾ വൃദ്ധസദനത്തിലെ ഓണവും കളർ ആയി. ഓണക്കോടി നൽകാൻ ആരുമില്ലാത്ത അമ്മമാരുടെയും അച്ഛന്മാരുടെയും മുഖത്തുണ്ടായി സന്തോഷത്തിൻ്റെ പുഞ്ചിരി. പല ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തരത്തിൽ അവഗണിക്കപ്പെടുന്ന മനുഷ്യർ കൂടി പരിഗണിക്കപ്പെടുമ്പോഴാണ് ഓണം എല്ലാ അർത്ഥത്തിലും അതിൻ്റെ മഹത്വത്തിലേക്ക് എത്തപ്പെടുന്നത്.