എന്നാൽ ഇതൊന്നുമല്ല തിരുവനന്തപുരത്തിൻ്റെ പ്രത്യേകതകളിൽ ഏറ്റവും മനോഹരമായി തോന്നുന്ന ഒന്ന്. വിവിധതരം സംസ്കാരങ്ങളുടെ സമ്മേളന നഗരിമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് നിന്ന് പാറശ്ശാല, മാർത്താണ്ഡം ഒക്കെ കഴിഞ്ഞാൽ പിന്നെ തമിഴ്നാട് ആയി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തും, പത്തനംതിട്ടയിലും ഒക്കെ പോയി വരാവുന്ന സമയം കൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ കഴിയും. തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം തമിഴ്നാട് തൊട്ടടുത്താണ്. അതിനാൽ തന്നെ ഒരു അവധിക്കാലം വന്നു കഴിഞ്ഞാൽ യാത്ര പ്ലാൻ ചെയ്യുന്നതിൽ പലരും തമിഴ്നാട് തിരഞ്ഞെടുക്കാറുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഇടങ്ങൾ ധാരാളമുണ്ട് തിരുവനന്തപുരത്തിന് തൊട്ടടുത്തുള്ള തമിഴ്നാടൻ ഗ്രാമങ്ങളിൽ.
advertisement
മാത്തൂർ തൊട്ടിപ്പാലത്ത് നിന്നുള്ള ദൃശ്യം
തിരുവനന്തപുരം - കന്യാകുമാരി പലരുടെയും യാത്രകളുടെ സ്ഥിരം ഡെസ്റ്റിനേഷൻ ആണ്. ഈ യാത്ര ശരിക്കും അതിൻ്റേതായ രീതിയിൽ ആസ്വദിക്കണമെങ്കിൽ പ്രത്യേകിച്ചു കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള സന്ദർശിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്താവുന്നതാണ്. പത്മനാഭപുരം പാലസും ചിതറാൾ ക്ഷേത്രവും ഒക്കെ പലർക്കും അറിയാവുന്നതാണ്. എന്നാൽ ഈ ലിസ്റ്റിൽ ഒന്നും പെടാത്ത അധികം അറിയപ്പെടാത്ത ഒരു സ്ഥലമാണ് മാത്തൂർ തൊട്ടിപ്പാലം.
ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിൻ്റെ ഭാഗമായി രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്; ഏകദേശം 115 മീറ്റർ പൊക്കത്തിൽ ഒരു കിലോമീറ്റർ നീളത്തിൽ 1966-ലാണ് ഇത് നിർമ്മിച്ചത്. ഈ തൊട്ടിപ്പാലത്തിനു മുകളിലൂടെ നമുക്ക് നടന്ന് പോകാനാകും. ചെറിയ പടവുകളിലൂടെ താഴെയുള്ള നദിയിലെ സമീപത്തെത്താം. ഉയരത്തെ പേടിക്കുന്നവർ ഈ യാത്ര അല്പമൊന്നു ഭയക്കണം. യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ മാത്തൂർ തൊട്ടിപ്പാലത്തെ പറ്റി നിരവധി വീഡിയോസ് ഉണ്ട്. അവ കണ്ട് കഴിയുമ്പോൾ നിങ്ങൾക്കും തോന്നിയേക്കാം ഏതെങ്കിലും ഒരു ചെറു ട്രിപ്പിൽ ഈ സ്ഥലം കൂടി ഉൾപ്പെടുത്തിയേക്കാമെന്ന്.