എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം ആറേക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. തമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന് സമീപത്തതായി ഒഴുകുന്നു കൊട്ടാരം നോക്കിനടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്. 1741-ൽ കുളച്ചൽ യുദ്ധത്തിന് ശേഷമാണ് മാർത്താണ്ഡവർമ്മ രാജാവ് ഇന്നു കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്.മണിച്ചിത്രത്താഴ് എന്ന ചിത്രത്തിനുശേഷമാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയത് .ചിത്രത്തിൽ ശോഭന അവതരിപ്പിക്കുന്ന പ്രശസ്തമായ നൃത്തത്തിന്റെ ഛായാഗ്രഹണം കൊട്ടാരത്തിനകത്തതാണ് ചിത്രീകരിച്ചിരിക്കുന്നത് . കൂടാതെ ചിത്രത്തിലെ പലരംഗങ്ങളും ഷൂട്ട് ചെയ്തത് പത്മനാഭപുരം കൊട്ടാരത്തിന്റെ പരിസരപ്രദേശങ്ങളിലാണ് .
advertisement
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വേണ്ടി പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള അനുബന്ധ നിർമ്മിതികൾ എന്നിങ്ങനെയാണ് പരിഷ്കാരങ്ങൾ . കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ വിധങ്ങളായി തരം തിരിച്ചിരിക്കുന്നു. പൂമുഖം, പ്ലാമൂട്ടിൽ കൊട്ടാരം, വേപ്പിൻമൂട് കൊട്ടാരം, തൈക്കൊട്ടാരം, ഊട്ടുപുര, ഹോമപ്പുര, ഉപ്പരിക മാളിക, ആയുധപ്പുര, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, നവരാത്രിമണ്ഡപം ലക്ഷ്മിവിലാസം, തെക്കേക്കോട്ടാരം എന്നിവയാണ് കൊട്ടാരസമുച്ചയത്തിലെ പ്രധാന കെട്ടിടങ്ങൾ. കൊട്ടാര സമുച്ചയത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഉപ്പിരിക്ക മാളിക. ബഹുനില കെട്ടിടം എന്നാണ് 'ഉപരിക' എന്ന വാക്കിനർദ്ധം. ഇതിൻ്റെ യഥാർത്ഥ പേര് പെരുമാൾ കൊട്ടാരം (പ്രഭുവിൻറെ കൊട്ടാരം) എന്നായിരുന്നു, 1744-ൽ മാർത്താണ്ഡ വർമ്മ മഹാരാജാവാണ് ഇത് നിർമ്മിച്ചത്. നാല് നിലകളുള്ളതാണ് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയാണ് രാജകീയ ട്രഷറിയായി ഉപയോഗിച്ചിരുന്നത്. ഒന്നാം നിലയിലെ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കാലുകൾ കഴുകി വൃത്തിയാക്കാൻ പ്രത്യേക സ്ഥലമുണ്ട്. അറുപത്തിനാല് ഔഷധ മരങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു കട്ടിൽ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഒന്നും രണ്ടും നിലകൾ മതപരമായ ഉപവാസസമയത്ത് മഹാരാജാവിൻ്റെ വിശ്രമമുറിയായി ഉപയോഗിച്ചിരുന്നു.